വണ്ടിപ്പെരിയാർ> ഗവർണറുടെ രാഷ്ട്രീയം എന്താണെന്ന് വ്യക്തമാണെന്നും അത് കേരളത്തിൽ നടക്കില്ലെന്നും മന്ത്രി ജെ ചിഞ്ചുറാണി. പീരുമേട് മണ്ഡലത്തിൽ വണ്ടിപ്പെരിയാറിൽ നടന്ന നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഗവർണർമാർക്ക് കടുത്ത സുരക്ഷ ഒരുക്കുന്നവരാണ് കേരള പൊലീസ്. വഴിയിൽ കൂടി പോകുമ്പോൾ ഒരു കരിങ്കൊടി കാണിച്ചതിന്റെ പേരിൽ പ്രോട്ടോക്കോൾ തെറ്റിച്ച് കാറിൽ നിന്ന് ഇറങ്ങുകയാണ് ഗവർണർ ചെയ്തത്. രാജ്യത്ത് മറ്റേതെങ്കിലും ഗവർണർ അങ്ങനെ ചെയ്യുമോ? കാറിൽ നിന്നിറങ്ങി കുട്ടികളെ വെല്ലുവിളിക്കുകയാണ്. നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസിന് നേരെ കരിങ്കൊടിയും ഷൂ എറിയലും അടക്കം എന്തെല്ലാം പ്രതിഷേധങ്ങൾ നടക്കുന്നു. മുഖ്യമന്ത്രി പുറത്തിറങ്ങി വരികയോ, നീ വാടാ എന്ന് ആക്രോശിക്കുകയോ ചെയ്യുന്നുണ്ടോ? ഇങ്ങനെയൊരു ഗവർണറെ സംസ്ഥാനത്തിന്റെ ചരിത്രത്തിലോ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലോ കണ്ടിട്ടുണ്ടോ? മന്ത്രി ചോദിച്ചു.
ഗവർണർ നാളുകളായി നമ്മുടെ ബില്ലുകൾ ഒപ്പിടാതെ പിടിച്ചു വച്ചിരിക്കുകയാണ്. കർഷകർക്ക് അനുകൂലമായവയും ഇതിലുണ്ട്. സുപ്രീം കോടതി പരാമർശം ഉണ്ടായിട്ടും ബില്ലുകൾ രാഷ്ട്രപതിക്ക് വിടുന്ന സമീപനമാണ് ഗവർണറുടേത്. കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ് കേന്ദ്ര സർക്കാർ. അതിലൊന്നും വീണുപോകാതെ ഒട്ടേറെ വികസന പദ്ധതികൾക്ക് തുടക്കമിടുകയാണ് സംസ്ഥാന സർക്കാർ. രാജ്യത്തിന്റെ ചരിത്രത്തിൽ എഴുതി ചേർക്കാവുന്ന ഒന്നായി നവകേരള സദസ്സ് മാറിയെന്നും മന്ത്രി പറഞ്ഞു. സർവ മേഖലകളിലും വികസനം നടപ്പാക്കിയാണ് സർക്കാർ മുന്നോട്ടു പോകുന്നത്.
പരമാവധി പി എസ് സി നിയമനത്തിലൂടെ കൂടുതൽ യുവാക്കൾക്ക് ജോലി നൽകാനായി. നിയമന നിരോധനം നടത്തിയായിരുന്നു യുഡിഎഫ് ഭരണം. ക്ഷീര കർഷകർക്ക് രാത്രിയിലും സഹായം കിട്ടാൻ സംസ്ഥാനത്തെ 152 ബ്ലോക്കുകളിലും വെറ്റിനറി ആംബുലൻസുകൾ നൽകി വീട്ടുമുറ്റത്ത് സേവനം എത്തിക്കുകയാണ് സർക്കാർ. പശുക്കളെ വാങ്ങാൻ എടുക്കുന്ന വായ്‌പകളുടെ പലിശ ഒഴിവാക്കാൻ ഒരുങ്ങുകയാണ് സർക്കാർ.