തിരുവനന്തപുരം : പുതുവത്സരത്തലേന്ന് വിദേശിയെ അവഹേളിച്ച സംഭവത്തിൽ ഡച്ച് പൗരൻ സ്റ്റീവൻ ആസ്ബർഗുമായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി ടെലിഫോണിൽ സംസാരിച്ചു. സംഭവത്തിൽ സർക്കാർ എടുത്ത നടപടികളെക്കുറിച്ചും ഗ്രേഡ് എസ് ഐയെ സസ്പെൻഡ് ചെയ്തതിനെക്കുറിച്ചുമുള്ള കാര്യങ്ങൾ മന്ത്രി സ്റ്റീവനെ അറിയിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നരയ്ക്ക് സ്റ്റീവൻ മന്ത്രിയെ ഔദ്യോഗിക വസതിയിലെത്തി നേരിട്ട് കാണും. സംഭവത്തിൽ കോവളം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെൻഡു ചെയ്തിരുന്നു.
ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശത്തിലാണ് നടപടി. സ്റ്റേഷൻ ഹൗസ് ഓഫിസർക്കു വീഴ്ച പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കും. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പോലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. പോലീസ് നടപടിയെ വിമർശിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കോവളത്തുവെച്ചാണു ബവ്കോ മദ്യവിൽപന കേന്ദ്രത്തിൽനിന്നു അനുവദനീയ അളവിൽ വാങ്ങിയ മദ്യവുമായി പോയ ഡച്ച് പൗരൻ സ്റ്റീവനെ ബിൽ ചോദിച്ച് പോലീസ് തടഞ്ഞത്. ബിൽ ഇല്ലാതെ മദ്യം കൊണ്ടുപോകാൻ കഴിയില്ലെന്നു പൊലീസ് പറഞ്ഞതോടെ സ്റ്റീവൻ രണ്ടു കുപ്പി മദ്യം റോഡിൽ ഒഴുക്കി. തിരികെ പോയി ബില്ലുമായി വന്നശേഷമാണു മൂന്നാമത്തെ കുപ്പി കൊണ്ടു പോകാൻ പോലീസ് അനുവദിച്ചത്.