പത്തനംതിട്ട: പതിനെട്ടാം പടി വഴിയുള്ള അയ്യപ്പ ദര്‍ശനം സുഗമമായി നടക്കുന്നുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ഓരോ മിനിറ്റിലും എഴുപത്തഞ്ചിലധികം പേരെ ഇപ്പോള്‍ പടി കയറ്റുന്നു. ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലിയനും കേരള ആംഡ് പൊലീസും ചേര്‍ന്ന് മൂന്ന് ബാച്ചുകളായാണ് പതിനെട്ടാം പടിയില്‍ കര്‍മ്മനിരതരാകുന്നത്. ഓരോ ബാച്ചിലും നാല്‍പത് പേരാണുള്ളത്. നാല് മണിക്കൂര്‍ ഇടവേളകളില്‍ ബാച്ചുകള്‍ മാറും. ഓരോ ഇരുപത് മിനിറ്റിലും പതിനെട്ടാം പടിയില്‍ നില്‍ക്കുന്ന പതിനാല് പേര്‍ മാറി അടുത്ത പതിനാല് പേര്‍ എത്തുന്ന രീതിയിലാണ് ക്രമീകരണമെന്നും മന്ത്രി രാധാകൃഷ്ണന്‍ അറിയിച്ചു.
അതേസമയം, ഭക്തജനങ്ങളുടെ വന്‍പ്രവാഹമാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. അവധി ദിവസമായതിനാല്‍ ഇന്ന് 90,000 പേരാണ് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തത്. പുലര്‍ച്ചെ ഒരു മണി മുതല്‍ ആറര മണി വരെ 21,000 പേര്‍ പതിനെട്ടാം പടി ചവിട്ടിയെന്നാണ് കണക്ക്. തിരക്ക് ഉണ്ടെങ്കിലും നിയന്ത്രണ വിധേയമാണ് സ്ഥിതി. ഇന്നലെ രാത്രി 12 മണി വരെ 84,793 പേര്‍ പതിനെട്ടാം പടി കയറിയിരുന്നു. പമ്പയില്‍ തിരക്കായതോടെ സത്രം – പുല്ലുമേട് കാനന പാത വഴി സന്നിധാനത്ത് വരുന്നവരുടെ എണ്ണം കൂടുന്നുണ്ട്.
ഇത്തവണത്തെ മണ്ഡല കാലം ആരംഭിച്ചത് മുതല്‍ ഇന്നലെ വൈകിട്ട് ആറ് മണി വരെ വെര്‍ച്ച്വല്‍ ക്യൂ വഴിയും സ്‌പോട്ട് ബുക്കിംഗ് വഴിയും ദര്‍ശനം നടത്തിയവരുടെ എണ്ണം 18,12,179 ആണ്. പുല്ലുമേട് വഴി 31,935 പേര്‍ എത്തി. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം (ഡിസംബര്‍ എട്ട്) വെര്‍ച്ച്വല്‍ ക്യൂ വഴിയും സ്‌പോട്ട് ബുക്കിംഗ് വഴിയും ദര്‍ശനം നടത്തിയവരുടെ എണ്ണം 88,744 ആണ്. ഡിസംബര്‍ അഞ്ചിന് 59,872 പേരും, ഡിസംബര്‍ ആറിന് 50,776, ഡിസംബര്‍ ഏഴിന് 79,424, ഡിസംബര്‍ ഒന്‍പതിന് 59,226, ഡിസംബര്‍ പത്തിന് 47,887 എന്നിങ്ങനെയാണ് വെര്‍ച്ച്വല്‍ ക്യൂ വഴിയും സ്‌പോട്ട് ബുക്കിംഗ് വഴിയും ദര്‍ശനം നടത്തിയവരുടെ എണ്ണം. കാനനപാതയായ പുല്‍മേട് വഴി എത്തിയവരുടെ എണ്ണം ഇതിന് പുറമെയാണ്.