വയനാട്: അട്ടപ്പാടി മധുകൊലക്കേസിലെ പ്രതികളെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞു എന്ന് മന്ത്രി കെ രാധാകൃഷ്ണൻ. 16 പ്രതികളിൽ 14 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. 16 പേരിൽ 2 പേരെ മാറ്റിനിർത്തിയിട്ടുണ്ട്. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ വാങ്ങി നൽകാൻ പല ഘട്ടത്തിൽ പരിശ്രമങ്ങളുണ്ടായി. മധു കേസ് ആരംഭം മുതൽ പല പ്രതിസന്ധികളിലൂടെയാണ് കേസ് മുന്നോട്ട് പോയത്. കേസ് നടത്തിപ്പിന് പ്രോസിക്യൂട്ടർമാരെ പല തവണ മാറ്റേണ്ടി വന്നു. പിന്നിട്ടത് വലിയ കടമ്പകൾ. അട്ടിമറിക്കപ്പെട്ടേക്കാൻ സാധ്യതയുണ്ടായിരുന്ന കേസിലാണ് വിധി. മധുവിന്റെ കുടുംബത്തിനും സർക്കാർ പരമാവധി സഹായം നൽകിയെന്ന് കെ രാധാകൃഷ്ണൻ വ്യക്തമാക്കി.
കേസിൽ 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കണ്ടെത്തി മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതി. ഇവര്‍ക്കെതിരായ നരഹത്യാക്കുറ്റം തെളിഞ്ഞു. രണ്ട് പേരെ കോടതി വെറുതെ വിട്ടു. നാലും പതിനൊന്നും പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഒന്നും രണ്ടും മൂന്നും അഞ്ചും ആറും ഏഴും എട്ടും ഒമ്പതും പത്തും പന്ത്രണ്ടും പതിമൂന്നും പതിനാലും പതിനഞ്ചും പതിനാറും പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പ്രതികളുടെ ശിക്ഷ കോടതി നാളെ വിധിക്കും.
ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. 14 പ്രതികൾക്കുമെതിരെ നരഹത്യ കുറ്റം തെളിഞ്ഞുവെന്ന് കോടതി. ഇതിൽ നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുൾ കരീമിനെയുമാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്.