തിരുവനന്തപുരം: ദേവസ്വം വരുമാനത്തെ മിത്ത് മണിയെന്ന് പറയണമെന്ന നടന്‍ സലീംകുമാറിന്റെ പരാമര്‍ശത്തിനെതിരെ മന്ത്രി കെ രാധാകൃഷ്ണന്‍. ദേവസ്വം ബോര്‍ഡ് വരുമാനത്തെ പരിഹസിക്കുന്നത് ശരിയല്ലെന്ന് മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു. മിത്ത് മണി പരാമര്‍ശത്തോട് യോജിപ്പില്ല. ലക്ഷക്കണക്കിന് ഭക്തര്‍ നല്‍കുന്ന സംഭാവനയെ കളിയാക്കേണ്ട കാര്യമില്ല. ഭക്തരുടെ സംഭാവനയും വഴിപാടുമാണ് ദേവസ്വം വരുമാനം. ഇതില്‍ നിന്ന് സര്‍ക്കാര്‍ ഒന്നും എടുക്കുന്നില്ല. ദേവസ്വം ബോര്‍ഡാണ് പണം ചിലവഴിക്കുന്നത്. മറിച്ച് ക്ഷേത്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പണം ചെലവിടുകയാണ്. കൊവിഡ് കാലത്ത് ക്ഷേത്രങ്ങള്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
എല്ലാ ഇടതുപക്ഷ സര്‍ക്കാരുകളും വിശ്വാസികളെ മാനിക്കുകയും സഹായിക്കുകയുമാണ് ചെയ്തിട്ടുള്ളത്. വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താന്‍ സര്‍ക്കാരിന് ആഗ്രഹമില്ല. മിത്തില്‍ ശാസ്ത്രമുണ്ടോയെന്ന് പരിശോധിക്കേണ്ടത് ദേവസ്വം മന്ത്രിയുടെ ഉത്തരവാദിത്വമല്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
സലീം കുമാറിന്റെ പരാമര്‍ശത്തിനെതിരെ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. നടപടി ഒട്ടും ശരിയായില്ലെന്നും സലീം കുമാറിനെ പോലുള്ള ഒരാള്‍ ഇത്തരം ഹീനമായ പരാമര്‍ശം നടത്തരുതായിരുന്നെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു. കെ രാധാകൃഷ്ണന്‍ ജനങ്ങള്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച ജനനേതാവാണ്. ഒരു കാര്യവുമില്ലാതെയാണ് സലീം കുമാര്‍ അദ്ദേഹത്തെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചത്. സലീം കുമാര്‍ ഈ പരാമര്‍ശം പിന്‍വലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു. ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്ന് വിളിക്കണമെന്നും ഭണ്ഡാരത്തില്‍ നിന്നുള്ള പണത്തെ മിത്തുമണിയെന്നും വിളിക്കണമെന്നും സലീം കുമാര്‍ പറഞ്ഞിരുന്നു. സംസ്ഥാനത്തെ മിത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.