തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു വര്‍ഷം ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം പേര്‍ക്ക് പട്ടയം നല്‍കിയതായി റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. സംസ്ഥാനത്ത് അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി നല്‍കുമെന്നും അതിന് ഏതെങ്കിലും നിയമങ്ങള്‍ തടസം നില്‍ക്കുന്നുവെങ്കില്‍ അവയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. രേഖകളില്ലാതെ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്കും അര്‍ഹരായ ഭൂരഹിതര്‍ക്കും ഭൂമി നല്‍കാനായി ആരംഭിച്ച പട്ടയ മിഷന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും എം എല്‍ എമാരുടെ നേതൃത്വത്തില്‍ നടത്തുന്ന പട്ടയ അസംബ്ലിയുടെ സംസ്ഥാനതല ഉദ്ഘാടനവും നെടുമങ്ങാട് മണ്ഡലത്തിലെ പട്ടയ വിതരണത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വില്ലേജ്-പഞ്ചായത്ത് തലങ്ങളിലുളള ജനപ്രതിനിധികളില്‍ നിന്നും വില്ലേജ് തല ജനകീയ സമിതികളില്‍ നിന്നും ശേഖരിക്കുന്ന പട്ടയ പ്രശ്നങ്ങളാണ് പട്ടയ അസംബ്ലികള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നത്. അതത് മണ്ഡലങ്ങളിലെ എം എല്‍ എമാര്‍ അധ്യക്ഷനായും തഹസില്‍ദാര്‍ റാങ്കില്‍ കുറയാത്ത നോഡല്‍ ഓഫീസര്‍ കണ്‍വീനറും മണ്ഡലത്തിലെ മുഴുവന്‍ ജനപ്രതിനിധികളും അംഗങ്ങളുമായാണ് പട്ടയ അസംബ്ലികള്‍ രൂപീകരിക്കുന്നത്. പട്ടയവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ വാര്‍ഡ് മെമ്പര്‍മാര്‍ അടക്കുള്ള ജനപ്രതിനിധികള്‍ക്കുള്ള അവസരമാണ് പട്ടയ അസംബ്ലികളെന്നും മന്ത്രി പറഞ്ഞു. രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 1, 23,000 പേര്‍ ഭൂമിയുടെ അവകാശികളായെന്നും അദ്ദേഹം വ്യക്തമാക്കി.