തിരുവനന്തപുരം: ഫേസ് ബുക്ക് വിവാദത്തില്‍ തൃശൂര്‍ എംഎല്‍എ പി. ബാലചന്ദ്രനെതിരായ പാര്‍ട്ടി നടപടിയിലൂടെ പ്രതിഷേധങ്ങളെ പ്രതിരോധിക്കാമെന്നാണ് സിപിഐ കണക്കാക്കുന്നത്. ബുധനാഴ്ച ചേരുന്ന അടിയന്തിര ജില്ലാ എക്സിക്യൂട്ടീവില്‍ നേരിട്ടെത്തി വിശദീകരണം നല്‍കാനാണാണ് സിപിഐ ബാലചന്ദ്രന് നല്‍കിയ നിര്‍ദ്ദേശം. ബാലചന്ദ്രന് ജാഗ്രതക്കുറവുണ്ടായെന്ന് മന്ത്രി കെ. രാജനും വ്യക്തമാക്കി. ബാലചന്ദ്രന്റേത് പാർട്ടി നയമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. രാമായണവുമായി ബന്ധപ്പെട്ട പോസ്റ്റ് പി ബാലചന്ദ്രന്‍ പിൻവലിച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ കോണ്‍ഗ്രസിനും ബിജെപിയ്ക്കും നേരെ വിവാദവിഷയങ്ങള്‍ ഒട്ടേറെ വന്നെങ്കിലും സിപിഐ രക്ഷപെട്ടു നില്‍ക്കുകയായിരുന്നു. പി. ബാലചന്ദ്രന്‍റെ ഒറ്റ ഫേസ് ബുക്ക് പോസ്റ്റോടെ വിവാദത്തില്‍പെട്ട് വട്ടം കറങ്ങിപ്പോയെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്. ബുധനാഴ്ച ചേരുന്ന ജില്ലാ എക്സിക്യൂട്ടീവില്‍ നേരിട്ടെത്തി വിശദീകരിക്കാനാണ് ബാലചന്ദ്രന് പാര്‍ട്ടി നല്‍കിയ നിര്‍ദ്ദേശം.
രാമനെ മോശക്കാരനായി ചിത്രീകരിക്കുന്ന ബാലചന്ദ്രന്‍റെ ഫേസ് ബുക്ക് പോസ്റ്റ് തൃശൂരിലെ സ്ഥാനാര്‍ഥിയുടെ വിജയ സാധ്യയെപ്പോലും ബാധിക്കുന്ന തരത്തിലായെന്ന പരാതി താഴേത്തട്ടില്‍ നിന്ന് ജില്ലാ നേതൃത്വത്തിന് കിട്ടിയിട്ടുമുണ്ട്. ബാലചന്ദ്രന്‍റെ വിശദീകരണം കേട്ടശേഷം സംഘടനാ നടപടി തീരുമാനിക്കാമെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ കണക്കു കൂട്ടല്‍. നേരത്തെ തന്നെ ബാലചന്ദ്രനെ തള്ളി രംഗത്തെത്തിയ തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ നിലപാടിന് പൂര്‍ണ പിന്തുണയുമായി മന്ത്രി കെ. രാജനും രംഗത്തെത്തി. ബാലചന്ദ്രന്‍റെ പ്രസ്താവന നിരുത്തരവാദപരമായെന്ന വിമര്‍ശനം സിപിഎമ്മിനുമുണ്ട്. ബിജെപിയും ഹിന്ദു ഐക്യവേദിയും പ്രത്യക്ഷ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ബാലചന്ദ്രനെതിരെ കോണ്‍ഗ്രസും പ്രതിഷേധിച്ചിരുന്നു.