തിരുവനന്തപുരം :
കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചുവെന്ന് മന്ത്രി കെ രാജൻ. ബജറ്റിൽ വയനാടിനെ ഒന്ന് പരാമർശിക്കുക പോലും ചെയ്തില്ല. ഇത് കേരളത്തോടുളള അവജ്ഞയും അപമാനിക്കലുമാണ്. ഒരു ജനതയോട് നടത്തുന്ന ക്രൂരമായ ഇടപെടലിന്റെ ഭാഗമാണിത്. ജനാധിപത്യ രാജ്യത്ത് ജനപ്രതിനിധികൾ പറയാൻ പാടില്ലാത്ത പ്രസ്താവനയാണ് ജോർജ് കുര്യൻ നടത്തിയത്. കേന്ദ്രത്തിന്റേത് ക്രൂരമായ നടപടിയായിപ്പോയി എന്നും മന്ത്രി വിമർശിച്ചു. കഴിഞ്ഞ കൊല്ലത്തെ രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്ന് ചൂരൽ മലയിലേതാണ്. എന്നാൽ വയനാടിന് ബജറ്റിൽ ഒന്ന് പരാമർശിക്കുക കൂടി ചെയ്തില്ലെന്ന് കെ രാജൻ പ്രതികരിച്ചു. ഇക്കൊല്ലം തന്നെ അവസാന ദുരന്തബാധിതനെയും പൂർണമായും പുനരധിവസിപ്പിക്കുമെന്ന് കേരളം പറയുന്നു. കേന്ദ്ര ബജറ്റിന്റെ അവഗണനയിലും കേരള സർക്കാർ വയനാട് ജനതയ്ക്ക് നൽകുന്ന ഉറപ്പാണിത്. കേന്ദ്രം കാണിച്ച ക്രൂരത കേരളം മറക്കില്ലെന്നും മന്ത്രി പറഞ്ഞു. ഒരു കേന്ദ്രമന്ത്രി പറയാൻ പാടുള്ള കാര്യമാണോ ജോർജ് കുര്യൻ പറഞ്ഞത്. ദുർബലത വെളിപ്പെടുത്താതെ കേരളത്തെ സഹായിക്കില്ല എന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയോടെ എല്ലാം വെളിവായി. തൃശ്ശൂരിന് ഒരു കേന്ദ്രമന്ത്രി ഉണ്ടായിട്ടും തൃശ്ശൂരിന് ഒന്നും കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.