തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ കേസ് കുറേക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ലൈഫ് സ്തംഭിപ്പിക്കാൻ ശ്രമിച്ചവരാണ് ഇതിന് പിന്നിൽ. ലൈഫ് പദ്ധതി നിർത്തലാക്കാൻ കഴിയാത്തതിലുള്ള നിരാശയുണ്ടവർക്ക്. ശിവശങ്കറിന്റെ അറസ്റ്റ് കൊണ്ട് സംസ്ഥാന സർക്കാരിന് മേലെ കരിനിഴൽ വീഴ്ത്താൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് ജില്ലയിലെ തന്റെ മണ്ഡലമായ തൃത്താലയിൽ ഈ മാസം 18,19 തീയ്യതികളിൽ തദ്ദേശ ദിനാഘോഷം നടക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ സ്വരാജ് ട്രോഫി വിതരണം ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പരാതി പരിഹാരത്തിനുള്ള സ്ഥിരം സംവിധാനം ആലോചിക്കുന്നുണ്ട്. സേവനങ്ങൾ പൂർണമായി ഓൺലൈനാക്കാനുള്ള ശ്രമം തുടരുന്നു. അഴിമതി തടയാനുള്ള ശക്തമായ നടപടി സ്വീകരിക്കും. അഴിമതിക്കുള്ള സാധ്യത തന്നെ തദ്ദേശ സ്ഥാപനങ്ങളിൽ ഇല്ലാതാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ത്രിതല പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫി പുരസ്കാരം മന്ത്രി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തുകളിൽ കൊല്ലം ഒന്നാമതെത്തി. കണ്ണൂരിനാണ് രണ്ടാം സ്ഥാനം. ഗ്രാമ പഞ്ചായത്തുകളിൽ മുളന്തുരുത്തിക്കാണ് ട്രോഫി. ബ്ലോക്ക് പഞ്ചായത്തുകളിൽ പെരുമ്പടപ്പും മുനിസിപ്പാലിറ്റികളിൽ തിരൂരങ്ങാടിയും കോർപറേഷനുകളിൽ തിരുവനന്തപുരവും മുന്നിലെത്തി. കള്ളിക്കാട് പഞ്ചായത്തിനാണ് മഹാത്മാ പുരസ്കാരം. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തും മഹാത്മാ പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടു.