തിരുവനന്തപുരം : ഊരാളുങ്കൽ ലേബർ സൊസൈറ്റിയോട് കടുത്ത അതൃപ്തിയിൽ പൊതുമരാമത്തുവകുപ്പ്. ശംഖുമുഖം റോഡിന്റെ നിർമാണപ്രവൃത്തിയുമായി ബന്ധപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പരസ്യ വിമർശനം സൂചന മാത്രമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ പിന്തുണയുടെ പിൻബലത്തിൽ അഹങ്കാരം കാണിച്ചാൽ അംഗീകരിച്ച് കൊടുക്കില്ലെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്. ആദ്യമായാണ് ഊരാളുങ്കലിനെതിരെ ഇത്തരം പരസ്യ വിമർശനം ഒരു മന്ത്രിയിൽ നിന്നുണ്ടാകുന്നത്. കടലാക്രമണത്തിൽ തകർന്ന ശംഖുമുഖം റോഡ് പണി ഇഴഞ്ഞു നീങ്ങിയതിനെ തുടർന്നാണ് വിമർശനം. പ്രശ്ന പരിഹാരത്തിന് കഴിഞ്ഞ ദിവസം താൻ വിളിച്ച യോഗത്തിൽ ഊരാളുങ്കൽ ജൂനിയർ ഉദ്യോഗസ്ഥനെ അയച്ചതിനെ തുടർന്ന് മുഹമ്മദ് റിയാസ് പൊട്ടിത്തെറിച്ചിരുന്നു. വന്ന ഉദ്യോഗസ്ഥന്റെ കയ്യിൽ കൃത്യമായ റിപ്പോർട്ടും ഇല്ലാതെ വന്നതോടെയാണ് മന്ത്രിക്ക് നിയന്ത്രണം വിട്ടത്.
പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഉണ്ടെങ്കിലേ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിന് ഹാജരാകുകയുള്ളോ എന്നാണ് റിയാസ് ചോദിച്ചത്. ഇതു പോലെയുള്ള അലംഭാവം കാണിച്ചാൽ നോക്കിയിരിക്കില്ലെന്നും മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെയുള്ള പരസ്യ പ്രതികരണം പ്രശ്നം ചെറുതല്ലെന്ന് വ്യക്തമാക്കുന്നു. മന്ത്രിയുടെ കടുത്ത നിലപാട് ഉദ്യോഗസ്ഥരെയും സ്വാധീനിക്കും. മിക്ക പ്രധാന പദ്ധതികളുടെയും കരാർ ഊരാളുങ്കലിന് ലഭിക്കുന്നതിനിടയിലാണ് പുതിയ സംഭവ വികാസങ്ങൾ. മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധത്തിന്റെയും പല നേതാക്കളുടെയും അടുത്ത ബന്ധുക്കൾക്ക് ജോലി നൽകിയതിന്റെയും പേരിലാണ് ഊരാളുങ്കൽ നേട്ടമുണ്ടാക്കുന്നതെന്ന് ആരോപണമുണ്ട്. അത്തരം ബന്ധങ്ങളുടെ പേരിൽ വിട്ടുവീഴ്ച കിട്ടില്ല എന്ന സന്ദേശമാണ് റിയാസിന്റെ വാക്കുകളിൽ.
3,82,96610 രുപയായിരുന്നു ശംഖുമുഖം റോഡിന്റെ എസ്റ്റിമേറ്റ് തുക. 10% അധിക തുകയായ 4,21,26271 രൂപയ്ക്കായിരുന്നു പദ്ധതി ഊരാളുങ്കൽ ഏറ്റെടുത്തത്. 2020 സെപ്റ്റംബർ 30 ന് പൊതുമരാമത്ത് സെക്രട്ടറി വിളിച്ച വീഡിയോ കോൺഫറൻസിൽ അധിക പ്രവൃത്തി ഏറ്റെടുക്കാനും നിർദേശിച്ചു. റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകരിക്കാൻ പോലും കാത്തു നിൽക്കാതെ പണി തുടങ്ങുകയായിരുന്നു. ജനുവരി 12 ലെ സർക്കാർ ഉത്തരവിൽ 8 കോടി അഞ്ചു ലക്ഷം രൂപയായി പുതുക്കി അനുവദിച്ചു. പിന്നീട് നിർമാണത്തിലുണ്ടായ കാലതാമസമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. വിമർശനം ഊരാളുങ്കലിന് എതിരെ ആയതിനാൽ തുടർചലനങ്ങൾക്കും സാധ്യതയേറെയാണ്.