തിരുവനന്തപുരം : മത സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാൻ രാജ്യത്ത് സംഘപരിവാർ ശ്രമം നടത്തുന്നതായി മന്ത്രി മുഹമ്മദ് റിയാസ്. പി സി ജോർജിൻ്റെ വിവാദ പ്രസ്താവന അദ്ദേഹം ബോധപൂർവ്വം നടത്തിയതാണ്. പി സി ജോർജ്ജിൻ്റേത് ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. സംഘ പരിവാർ രാജ്യമാകെ സ്പർദ്ധ വളർത്താൻ ശ്രമിക്കുന്നു. സാമുദായിക സഹിഷ്ണുതയുടെ അന്തരീക്ഷം തകർത്ത് ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് ഇന്ന് ജാമ്യം ലഭിച്ചിരുന്നു. ജാമ്യം കിട്ടിയ ശേഷവും വിവാദ പ്രസ്താവന നടത്തുകയാണ് പി സി ജോർജ്ജ് ചെയ്തത്. മുസ്ലീം തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ സമ്മാനമാണ് തന്റെ അറസ്റ്റും ബഹളവുമെന്ന് കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ പി സി ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.
സാക്ഷികളെ സ്വാധീനിക്കരുതെന്നും, വിവാദങ്ങളിൽ ഇടപെടരുതെന്നുമാണ് കോടതിയുടെ നിർദ്ദേശമെന്ന് പറഞ്ഞ ശേഷമായിരുന്നു മുൻ പൂഞ്ഞാർ എംൽഎയുടെ പ്രതികരണം.