തിരുവനന്തപുരം∙ മന്ത്രി വി.അബ്ദുറഹിമാനെതിരായ ‘തീവ്രവാദി’ പരാമർശത്തിൽ വിഴിഞ്ഞം തുറമുഖ നിർമാണ വിരുദ്ധ സമരസമിതി കൺവീനർ ഫാദർ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. മാപ്പുപറയുന്നതില്‍ എന്തുകാര്യമാണ്? അബ്ദുറഹ്മാൻ എന്ന പേരിൽ എന്താണ് പ്രശ്നമുള്ളതെന്നും മന്ത്രി ചോദിച്ചു. കേരളമെന്ന തിരിച്ചറിവിലാണ് ഫാ. തിയോഡേഷ്യസ് ഡിക്രൂസ് മാപ്പ് പറഞ്ഞത്. കോവിഡ് ബാധിച്ചയാള്‍ പുറത്തിറങ്ങി വൈറസ് പരത്തിയിട്ട് മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്റെ മാപ്പ് സ്വീകരിക്കുന്നില്ലെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാന്‍ പറഞ്ഞിരുന്നു. മാപ്പ് മടക്കി പോക്കറ്റില്‍ ഇട്ടാല്‍ മതി. വൈദികന്റെ പേരിന്‍റെ അര്‍ഥവും എന്താണെന്ന് നോക്കണം. വികസനത്തിന് തടസം നില്‍ക്കുന്നത് ദേശദ്രോഹമാണെന്നാണ് പറഞ്ഞതെന്നും ഇനിയും പറയുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വി.അബ്ദുറഹിമാനെതിരെ നടത്തിയ പരാമർശം പിൻവലിക്കുന്നതായും ഇതു നാക്കുപിഴവാണെന്നും ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞിരുന്നു. വിവാദപരാമർശത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം വിഴിഞ്ഞം പൊലീസ് കേസെടുത്തിട്ടുണ്ട്. മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, അഹമ്മദ് ദേവർകോവിൽ എന്നിവർക്കെതിരെ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വർഗീയ അധിക്ഷേപത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐഎൻഎൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂറാണ് ഡിജിപിക്കു പരാതി നൽകിയത്. ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തികൾക്കെതിരെ തീവ്രവാദബന്ധമുണ്ടെന്നും ഏഴാംകൂലിയാണെന്നുമുള്ള പരാമർശങ്ങൾ ഗുരുതരമാണെന്നും സാമുദായിക ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും പരാതിയിൽ പറഞ്ഞു.