തിരുവനന്തപുരം: അവധി ദിനമായ ഞായറാഴ്ചയിലും ഫയർ തീർപ്പാക്കൽ യജ്ഞത്തിനായി ജോലിക്കെത്തി ഉദ്യോഗസ്ഥർ. സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ് അവധി ദിനത്തിലും തുറന്നു പ്രവർത്തിച്ചത്. ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ് ഫയൽ തീർപ്പാക്കലിനുള്ള തീവ്രയജ്ഞം.
തീർപ്പാക്കാനുള്ള ഫയലുകളിൽ പരിഹാരം കണ്ടെത്തി തീർപ്പാക്കുന്നതിന് മാസത്തിൽ ഒരു അവധി ദിവസം വിനിയോഗിക്കണമെന്ന് എല്ലാ ജീവനക്കാരോടും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജൂലൈ മുതൽ സെപ്റ്റംബർ വരെ ഓരോ അവധി ദിനം പ്രവൃത്തി ദിനമാക്കി കൊണ്ടുള്ള നടപടി.ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്ത് ഓഫീസുകളും നഗരസഭകളും ഇന്ന് തുറന്നു പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്ത് ഡയറക്ടർ ഓഫീസും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും ഇന്ന് പ്രവർത്തിച്ചു. കണ്ണൂരിൽ അവധി ദിനത്തിലും തുറന്നു പ്രവർത്തിച്ച മയ്യിൽ പഞ്ചായത്ത് ഓഫീസിൽ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ നേരിട്ടെത്തി ഉദ്യോഗസ്ഥരെ അനുമോദിച്ചു. സന്ദർശനത്തെക്കുറിച്ച് മന്ത്രി തന്നെ ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു.