കൊച്ചി : സംരംഭം തുടങ്ങുന്നതിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയ മിനി മരിയ ജോസിക്ക് പിന്തുണയുമായി വ്യവസായ മന്ത്രി പി രാജീവ്. മന്ത്രി ഇടപെട്ടതോടെ എറണാകുളം പെരുമ്പടപ്പ് സ്വദേശിയായ മിനി മരിയ ജോസിയുടെ സംരംഭത്തിനുള്ള ലൈസൻസ് കോർപ്പറേഷൻ കൈമാറി. സർക്കാർ ഓഫീസിൽ ഉണ്ടായ ദുരനുഭവം ഇവർ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയതിന് പിന്നാലെ മന്ത്രി രാജീവ് നേരിട്ട് പ്രശ്നത്തിൽ ഇടപ്പെട്ട് പരിഹാരം കാണുകയായിരുന്നു. 14 വർഷത്തെ പ്രവാസജിവിതം അവസാനിപ്പിച്ച് നാട്ടിൽ വന്നു ഒരു ഫ്ലോര്‍ മില്ല് ഇടാൻ തീരുമാനിച്ച മിനി ബാങ്ക് വായ്പയ്‌ക്ക് അപേക്ഷിക്കാനായാണ് രേഖകൾ തയ്യാറാക്കാൻ കഴിഞ്ഞ ഒന്നരമാസമായി ഓഫീസുകൾ തോറും കയറി ഇറങ്ങി ദുരിതത്തിലായത്.
മിനിയുടെ പ്രശ്നത്തില്‍ ഇടപെട്ട വ്യവസായ മന്ത്രി പി രാജീവ് പരിഹാരം കാണുകയായിരുന്നു. മന്ത്രി ഇടപെട്ടതോടെ കൊച്ചി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത്, ഡിവിഷൻ കൗൺസിലർ രഞ്ജിത് മാസ്റ്റർ എന്നിവർ മിനിക്ക് പൂർണ്ണ സഹായവും പിന്തുണയും നൽകി. സംരംഭം തുടങ്ങാൻ എത്തുന്നവർക്ക് എല്ലാ വകുപ്പുകളും ഓഫീസുകളും പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്നും ഭിന്നമായി നിലപാടെടുത്താല്‍ തക്കതായ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
മന്ത്രി പി രാജീവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
എറണാകുളം പെരുമ്പടപ്പ് സ്വദേശിയായ മിനി മരിയ ജോസി, തന്റെ സംരംഭത്തിനുള്ള അനുമതിയുമായി നിൽക്കുന്ന ചിത്രമാണ് ഇവിടെ പങ്കു വെക്കുന്നത്. മിനി മരിയ ജോസിയെ ഇപ്പോൾ നമുക്ക് അറിയാം. സംരംഭം തുടങ്ങാൻ അവർക്ക് കോർപ്പറേഷൻ ഓഫീസിൽ നേരിട്ട പ്രയാസം തിരിച്ചറിഞ്ഞ് ഉടനടി ഇടപെട്ടതിനെത്തുടർന്ന് സ്ഥാപനത്തിന്റെ അനുമതിക്കുള്ള തടസങ്ങൾ നീക്കിയിരുന്നു. ഇന്ന് കോർപ്പറേഷൻ ലൈസൻസ് കൈമാറി.
കൊച്ചി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത്, ഡിവിഷൻ കൗൺസിലർ രഞ്ജിത് മാസ്റ്റർ എന്നിവർ മിനിക്ക് പൂർണ്ണ സഹായവും പിന്തുണയും നൽകി. സർക്കാർ നയത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച രണ്ട് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചതായി ബഹു.മേയർ ശ്രീ.എം. അനിൽകുമാർ അറിയിക്കുകയും ചെയ്തു. സംരംഭം തുടങ്ങാൻ എത്തുന്നവർക്ക് എല്ലാ വകുപ്പുകളും ഓഫീസുകളും പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. വ്യവസായ വകുപ്പാകട്ടെ അവർക്ക് ഹാൻഡ് ഹോൾഡ് സർവ്വീസ് നൽകുകയാണ്. ഇതിൽ നിന്ന് ഭിന്നമായ നിലപാട് ആരെങ്കിലും സ്വീകരിച്ചാൽ തക്കതായ നടപടി സ്വീകരിക്കും. മിനിയുടെ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും.
സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വാര്‍ത്തയാണ് സംരംഭം തുടങ്ങാന്‍ ശ്രമിച്ച് ദുരാനുഭവം നേരിട്ട കൊച്ചി സ്വദേശി മിനി ജോസിയുടെ അനുഭവം. കൊച്ചി പെരുമ്പടപ്പ് ബംഗ്ലാപറമ്പിൽ മിനി മരിയ ജോസിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. 14വർഷത്ത പ്രവാസജിവിതം അവസാനിച്ചു നാട്ടിൽ വന്നു ഒരു ഫ്ലോര്‍ മില്ല് ഇടാൻ തീരുമാനിച്ചുവെന്നും അതിനായി നടത്തിയ ശ്രമങ്ങളാണ് ദുരിതം സമ്മാനിച്ചതെന്നും ഇവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഇവിടെ ജീവിക്കാൻ അനുവാദം ഉള്ളത് പാവപ്പെട്ടവര്‍ക്ക് അല്ല. ഗവണ്‍മെന്‍റ് ജോലിക്കാർക്ക് ആണ്, ഞങ്ങളെ പോലെ പാവങ്ങൾ വീണ്ടും പ്രവാസി ആവണം. അതുകൊണ്ട് ഒരിക്കലും ഇങ്ങോട്ട് വന്നു ലോൺ കിട്ടി ബിസിനസ് ചെയ്യാൻ ഒന്നും ആരും ജോലി കളഞ്ഞു വരരുതെന്ന് മിനി പോസ്റ്റിന്‍റെ അവസാനം പറയുന്നു. ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ തന്‍റെ രേഖകള്‍ കീറിക്കളഞ്ഞാണ് മിനി പ്രതികരിച്ചത്.
വീടിനോടു ചേർന്നുള്ള പഴയ കെട്ടിടത്തിൽ പൊടിപ്പ് മിൽ തുടങ്ങാനായിരുന്നു ശ്രമം. ഇതിനായി ബാങ്ക് വായ്പയ്‌ക്ക് അപേക്ഷിക്കാനായാണ് രേഖകൾ തയ്യാറാക്കാൻ മിനി കഴിഞ്ഞ ഒന്നരമാസമായി ഓഫീസുകൾ തോറും കയറി ഇറങ്ങിയത്. ആരോഗ്യ വിഭാഗത്തിൽ നിന്നും മലിനീകരണ ബോർഡിൽ നിന്നുമെല്ലാം അനുമതി ലഭിച്ചു. കോർപ്പറേഷൻ ഓഫീസിൽ ചെന്നപ്പോൾ ആദ്യത്തെ ഓഫിസിൽ ആവശ്യപ്പെട്ടത് 25,000 രൂപ. അഞ്ചു പേർക്ക് അയ്യായിരം രൂപ വീതം നൽകാനാണെന്നു പറഞ്ഞുവെന്ന് മിനി പറയുന്നു- മിനിയുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ മന്ത്രി പി രാജീവ് വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണുകയും ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു.