തിരുവനന്തപുരം: ഇനി ഓർഡിനൻസുമായി മുന്നോട്ടില്ലെന്ന് നിയമമന്ത്രി പി.രാജീവ്. ഒക്ടോബറിൽ നിശ്ചയിച്ച നിയമസഭാ സമ്മേളനം നേരത്തേ വിളിച്ചതാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാനല്ലെന്നും മന്ത്രി വ്യക്തമാക്കി. നിയമം ആവശ്യമെങ്കിൽ നിർമിക്കുക എന്നതാണ് സർക്കാരിന്റെ രീതി. പരമാവധി ഓര്‍ഡിനൻസുകൾ ഒഴിവാക്കണമെന്നാണ് സർക്കാർ നയം. അയച്ച ഓർഡിനൻസുകളിൽ എന്ത് ചെയ്യണമെന്ന തീരുമാനം ഗവർണറുടേതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചത് അടക്കമുള്ള 11 ഓർഡിനൻസുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാത്ത സാഹചര്യത്തിൽ അസാധുവായിരുന്നു. സാഹചര്യത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ രണ്ടുവരെയാണ് സമ്മേളനം. അസാധുവായ 11 ഓർഡിനൻസുകൾ ബില്ലായി അവതരിപ്പിക്കാനാണ് സർക്കാർ തയാറെടുക്കുന്നത്.
ഒക്ടോബറിൽ പ്രത്യേക നിയമസഭാ സമ്മേളനം ചേർന്ന് ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾ നിയമമാക്കുമെന്നു ചീഫ് സെക്രട്ടറി വി.പി.ജോയ് ഗവർണറെ അറിയിച്ചിരുന്നു.