തിരുവനന്തപുരം : മുനമ്പത്ത് റീസർവേ നടത്താൻ സർക്കാർ നീക്കമെന്ന റിപ്പോർട്ട് തള്ളി മന്ത്രി പി രാജീവ്. മുനമ്പം വിഷയത്തിൽ ശാശ്വത പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉന്നതല യോഗത്തിനുശേഷമേ ശാശ്വത പരിഹാരം എന്തെന്ന് കണ്ടെത്താൻ കഴിയൂ. ആരെങ്കിലും നിയമപരമായി മുന്നോട്ടു പോയാൽ പോലും മുനമ്പം ജനത കുടിയിറക്കപ്പെടാൻ പാടില്ലെന്നും അതിന്റെ നിയമവശങ്ങളാണ് സർക്കാർ പരിശോധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അഞ്ച് മിനിറ്റ് കൊണ്ട് പരിഹരിക്കാൻ ആകുമെന്ന് പറയുന്നത് വിഷയം പഠിക്കാത്തവരാണെന്നും മന്ത്രി വ്യക്തമാക്കി. ലീഗ് നിലപാട് മാറ്റിയത് സ്വാഗതാർഹമെന്നും മന്ത്രി പറഞ്ഞു. സന്ദീപ് വാര്യരുടെ നേതാവ് ഇപ്പോഴും നരേന്ദ്ര മോദി തന്നെയാണ്. അതുകൊണ്ടാണ് വയനാട് ഉപതിരഞ്ഞെടുപ്പിന് മുൻപ് സന്ദീപ് കോൺഗ്രസിൽ ചേരാതിരുന്നത്. ശാഖയ്ക്ക് കാവൽ നിന്നയാൾ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുമ്പോൾ ശാഖ നടത്തിയയാൾക്ക് കോൺഗ്രസ് അധ്യക്ഷനാകാമെന്ന് മന്ത്രി പരിഹസിച്ചു. കേരളത്തിലെ ബിജെപിക്കും കോൺഗ്രസിനും നേതൃത്വം നൽകുന്നത് അഖിലേന്ത്യാ ബിജെപി നേതൃത്വമാണ്. ആദ്യം സന്ദീപ് വാര്യർ നിലപാട് വ്യക്തമാക്കട്ടെയെന്നാണ് പാർട്ടി സെക്രട്ടറി സ്വീകരിച്ച നിലപാടെന്നും മന്ത്രി പറഞ്ഞു.