കൊച്ചി : തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയില്ലെന്ന് മണ്ഡലത്തിൽ ഇടത് മുന്നണി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ച മന്ത്രി പി രാജീവ്. പാർട്ടി സ്ഥാനാർത്ഥിയെയാണ് മണ്ഡലത്തിൽ അവതരിപ്പിച്ചത്. അതിൽ പോരായ്മയുണ്ടായിട്ടില്ലെന്നും രാജീവ് പറഞ്ഞു. വലത് പക്ഷ സ്വാധീനം കൂടുതലുള്ള മണ്ഡലമാണ് തൃക്കാക്കര. മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ച് വന്ന മണ്ഡലത്തിൽ സാധ്യമാകുന്ന രീതിയിൽ മുന്നേറാൻ ഇടത് മുന്നണി ശ്രമിച്ചു. എന്നാൽ ഇടത് വിരുദ്ധ വോട്ടുകൾ ഏകീകരിച്ചതും പിടി തോമസ് സഹതാപഘടകവും പ്രവർത്തിച്ചത് തിരിച്ചടിയായി. എതിരാളികൾ ഇടത് മുന്നണിക്കെതിരെ ഒരുമിച്ചു. കണക്കുകൾ നോക്കുമ്പോൾ തൃക്കാക്കരയിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ടും വോട്ട് ശതമാനവും കൂടി.
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പുകളിലും പഞ്ചായത്തു തെരഞ്ഞെടുപ്പുകളിലും എറണാകുളം ജില്ല ഇടത് മുന്നണിക്ക് അനുകൂലമായിരുന്നില്ല. അതിന്റെ കാരണം പഠിക്കും. തോൽവിക്ക് കാരണമായ കാര്യങ്ങൾ വിലയിരുത്തി മാറ്റങ്ങൾ വരുത്തി ജില്ലയിലും മണ്ഡലത്തിലും മുന്നേറാൻ ശ്രമിക്കുമെന്നും രാജീവ് വിശദീകരിച്ചു.