തിരുപ്പൂർ : വികസിത രാജ്യങ്ങളെ അപേക്ഷിച്ച് പണപ്പെരുപ്പം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ഇന്ത്യക്ക് കഴിഞ്ഞതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നടന്ന വ്യവസായ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചില ഉത്പന്നങ്ങളുടെ വില കുത്തനെ ഉയർന്നപ്പോഴും വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് വിലക്കയറ്റം പിടിച്ച് നിർത്താൻ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിലുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കത്തിനും കോവിഡ് -19 പകർച്ചവ്യാധിക്കും ഇടയിലുള്ള വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ പോലും. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മികച്ച രീതിയിൽ തന്നെ വളരുന്നുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഒട്ടുമിക്ക ഇനങ്ങളുടെയും വില പിടിച്ചു നിർത്താൻ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. വരുന്ന 30 വർഷത്തിനുള്ളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 30 ട്രില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 7 ശതമാനത്തിലേറെയായി നിൽക്കുന്ന സമയത്താണ് ഗോയലിന്റെ പരാമർശം.
.
തമിഴ്‌നാട്ടിലെ ടെക്‌സ്‌റ്റൈൽ വ്യവസായം അതിവേഗം വളരുകയാണെന്നും തിരുപ്പൂർ ആഗോള വസ്ത്ര കേന്ദ്രമായി മാറിയെന്നും മന്ത്രി പറഞ്ഞു. ടെക്‌സ്‌റ്റൈൽസ് മേഖലയിൽ വൻ തൊഴിലവസരങ്ങളും നിക്ഷേപ സാധ്യതകളും സൃഷ്ടിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ആറ് ലക്ഷത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന വസ്ത്രനിർമ്മാണ കേന്ദ്രമാണ് തിരുപ്പൂരിലെ പ്രധാന ടെക്സ്റ്റൈൽ ഹബ്ബ്. 1985ൽ തിരുപ്പൂർ 15 കോടി രൂപയുടെ ഉൽപ്പന്നങ്ങളായിരുന്നു കയറ്റുമതി ചെയ്തത്. 2022 മാർച്ച ആയപ്പോഴേക്കും 30,000 കോടി രൂപയുടെ കയറ്റുമതിയാണ് ഇവിടെ നിന്നും ഉണ്ടായത്. അതായത് രണ്ടായിരം മടങ്ങ് വളർച്ചയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇത്തരത്തിലുള്ള 75 ടെക്സ്റ്റൈൽ നഗരങ്ങൾ സ്‌റിറ്റിക്കാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.