ഇരിങ്ങാലക്കുട> മന്ത്രി ഡോ. ആർ ബിന്ദു മൂന്നു പതിറ്റാണ്ടിനുശേഷം വീണ്ടും കഥകളിവേഷത്തിൽ അരങ്ങിലെത്തുന്നു. കൂടൽമാണിക്യം ക്ഷേത്രത്തിലെ അഞ്ചാം ഉത്സവ ദിവസമായ ഞായറാഴ്‌ച രാത്രി ഏഴിന് സംഗമം വേദിയിലാണ് നളചരിതം ഒന്നാം ദിവസം കഥകളിയിൽ മന്ത്രി ആർ ബിന്ദു വീണ്ടും ചായമിടുന്നത്. 1980 കളുടെ അവസാനത്തിൽ കലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലിൽ കഥകളി കിരീടം നേടിയ ബിന്ദു തന്റെ പ്രിയപ്പെട്ട കഥാപാത്രമായ ദമയന്തിയെയാണ് വീണ്ടും അരങ്ങിൽ അവതരിപ്പിക്കുന്നത്.
ഗുരുവായ കലാനിലയം രാഘവൻ ആശാന്റെ നേതൃത്വത്തിലാണ് ഡോ. ബിന്ദു കഥകളി അവതരിപ്പിക്കുന്നത്. ജയശ്രീ ഗോപിയും സി എം ബീനയും സഖിമാരാവും. ഹംസമായി ജയന്തി ദേവരാജ് അരങ്ങിലെത്തും. കൂടൽമാണിക്യത്തിൽ കഥകളിക്ക് മേളത്തോളംതന്നെ പ്രാധാന്യമുണ്ട്. കൊടിപ്പുറത്ത് വിളക്കുമുതൽ വിളക്കിനുശേഷം പുലരുംവരെയുള്ള കഥകളി വലിയ വിളക്കിന് ശ്രീരാമപട്ടാഭിഷേകത്തോടെയാണ് അവസാനിക്കുന്നത്. ലവണാസുരവധം, പ്രഹ്ലാദചരിതം, കല്യാണ സൗഗന്ധികം, സീതാസ്വയംവരം, നളചരിതം രണ്ടാം ദിവസം എന്നിവയാണ് വരും ദിവസങ്ങളിൽ അവതരിപ്പിക്കുന്ന കഥകളികൾ.