തിരുവനന്തപുരം: പി.എസ്.സി നിയമനങ്ങളിൽ ഭിന്നശേഷി സംവരണ ടേൺ നിശ്ചയിച്ചപ്പോൾ മുസ്ലിം വിഭാഗത്തിന് രണ്ട് ടേണുകൾ നഷ്ടപ്പെട്ട് സംവരണ നഷ്ടം വരുന്ന പ്രശ്നത്തിൽ പി.എസ്.സിയുടെ ഉപദേശം തേടിയതായി മന്ത്രി ഡോ.ആർ. ബിന്ദു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായി പറഞ്ഞു.
പി.എസ്.സി നിയമനങ്ങളിൽ സംവരണത്തിൽ കുറവു വരാത്ത രീതിയിൽ മാത്രമേ ഭിന്നശേഷി സംവരണം നടപ്പാക്കൂ എന്നതാണ് സർക്കാർ നയം. ഇക്കാര്യത്തിൽ ആശങ്ക വേണ്ട. നാലു ശതമാനം ഭിന്നശേഷിസംവരണം ഔട്ട് ഓഫ് ടേൺ ആയാണ് നടപ്പാക്കുന്നത്. സുപ്രീംകോടതി വിധിപ്രകാരം ഇൻ ടേൺ ആയി നടപ്പാക്കണം. ഇതിന് കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവിസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തണം. ഇക്കാര്യം പി.എസ്.സി സർക്കാറിനെ അറിയിച്ചിട്ടുണ്ട്. ഇൻ ടേൺ ആയി ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ ചട്ടഭേദഗതി പ്രാബല്യത്തിൽ വരും. ഇതു നിലവിൽ വന്നാൽ എക്സിക്യുട്ടിവ് ഉത്തരവിന് പ്രസക്തിയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മുസ്ലിം സംവരണത്തിന്‍റെ രണ്ട് ടേൺ ഭിന്നശേഷി സംവരണത്തിന് നീക്കിവെക്കുമ്പോൾ സംവരണം 12ൽനിന്ന് 10 ശതമാനമായി കുറയുമെന്നും ഇതുവഴി പ്രതിവർഷം 700 തസ്തികകൾ നഷ്ടപ്പെടുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി