തിരുവനന്തപുരം: എൻസിപിയിലെ മന്ത്രിമാറ്റത്തിൽ ഈയാഴ്ച തീരുമാനം. എ കെ ശശീന്ദ്രനും തോമസ് കെ.തോമസും പി.സി.ചാക്കോയും മുഖ്യമന്ത്രിയെ കാണും. ശശീന്ദ്രനെ മാറ്റി തോമസ് കെ.തോമസിനെ മന്ത്രിയാക്കാനുള്ള എൻസിപിയിലെ ധാരണയെ മുഖ്യമന്ത്രിയും അനുകൂലിച്ചാൽ ഉടൻ സത്യപ്രതിജ്ഞ നടക്കും.
മുംബെയിൽ കഴിഞ്ഞ ദിവസം ശരത് പവാർ വിളിച്ച ചർച്ചയിലാണ് ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള ധാരണയുണ്ടായത്. പക്ഷെ അന്തിമ തീരുമാനം പവാറിന് വിട്ടാണ് ചർച്ച അവസാനിച്ചത്. പാർട്ടിയുടെ ആഭ്യന്തരകാര്യമാണ് മന്ത്രിസ്ഥാനം. എന്നാൽ മുഖ്യമന്ത്രിയുടെ അഭിപ്രായം കൂടി കേട്ട് അന്തിമതീരുമാനത്തിലേക്കെത്തെനാണ് നീക്കം. മന്ത്രിസ്ഥാനം വെച്ചുമാറുന്നതിനോട് മുഖ്യമന്ത്രിയും അനുകൂലിച്ചാൽ അക്കാര്യം പവാറിനെ എൻസിപി നേതാക്കൾ അറിയിക്കും. പിന്നാലെ അതിവേഗം തോമസ് കെ തോമസിൻറെ സത്യപ്രതിജ്ഞ.
ശശീന്ദ്രനോട് ഇപ്പോഴും മുഖ്യമന്ത്രിക്ക് താല്പര്യമുണ്ട്. തോമസ് കെ തോമസ് മന്ത്രിയായാൽ വീണ്ടും വിവാദങ്ങളുണ്ടാക്കുമോ എന്ന പ്രശ്നവുമുണ്ട്. ഈ സമയത്തെ മന്ത്രിമാറ്റം രാഷ്ട്രീയമായി എൽഡിഎഫിന് നേട്ടമൊന്നുമില്ല.
അതേ സമയം മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം അതാത് പാർട്ടികൾക്കായിരിക്കെ പിണറായി എതിർക്കില്ലെന്നാണ് ചാക്കോയുടെയും തോമസ് കെ തോമസിൻറെയും വിലയിരുത്തൽ. പവാർ ഇടപെട്ടതോടെ ശശീന്ദ്രൻ അയഞ്ഞമട്ടാണ്. മന്ത്രിസ്ഥാനം ഒഴിഞ്ഞാൽ ശശീന്ദ്രന് പകരം പാർട്ടിയിൽ പ്രധാന പദവി നൽകേണ്ട സ്ഥിതിയുമുണ്ട്.