തിരുവനന്തപുരം: വെള്ളക്കരം വര്‍ധിപ്പിക്കുന്നതിനെ ന്യായീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍. ഒരു ലിറ്റർ വെള്ളത്തിന് ഒരു പൈസയാണ് കൂട്ടിയത്. ഇത് കൂട്ടേണ്ടത് അല്ലേ എന്ന് മന്ത്രി നിയമസഭയില്‍ ചോദിച്ചു. ബോധം കെട്ട് വീഴുന്നവര്‍ക്ക് തളിക്കാന്‍ വെള്ളമെടുക്കാന്‍ കഴിയാത്ത അവസ്ഥയെന്ന് വിഷ്ണുനാഥ് എംഎല്‍എ കുറ്റപ്പെടുത്തി. ഇതിന് ഹാസ്യ രൂപേണയായിരുന്നു മന്ത്രിയുടെ മറുപടി. ബോധം കെട്ട് വീഴുന്നവർക്ക് തളിക്കാൻ വെള്ളത്തിന് എംഎല്‍എ പ്രത്യേകം കത്ത് തന്നാൽ അനുവദിക്കാമെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്‍റെ പ്രതികരണം.
സേവന രംഗത്തെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് വെള്ളക്കരം കൂട്ടിയതെന്നും മന്ത്രി പറഞ്ഞു. വെള്ളക്കരം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഒരു സാധാരണക്കാരൻ പോലും തന്നെ വിളിച്ചിട്ടില്ല. ജനങ്ങളെ സംരക്ഷിക്കാനാണ് വെള്ളക്കരം കൂട്ടിയതെന്നും വെള്ളം ഉപയോഗിക്കുന്നതിൽ കുറവ് വരുത്തിയാൽ ബില്‍ കുറയുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം വര്‍ധിപ്പിക്കുന്നത്. വെള്ളക്കരം കൂട്ടിയതില്‍ ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ല. വെള്ളക്കരം കൂട്ടാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.
ലിറ്ററിന് ഒരു പൈസയാണ് വെള്ളക്കരമായി കൂട്ടിയത്. ജനത്തിന്‍റെ നടുവൊടിക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായ ബജറ്റ് അവതരണ ദിനമായ വെള്ളിയാഴ്ച്ച ആണ് ഉത്തരവ് ഇറങ്ങിയത്. മാർച്ച് മുതലേ പുതിയ നിരക്ക് ഉണ്ടാകു എന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നത്. എന്നാൽ മുന്നറിയിപ്പ് നൽകാതെ നേരത്തെ ഉത്തരവ് ഇറക്കുക ആയിരുന്നു. പുതിയ നിരക്കിൽ ഒരു കുടുംബത്തിന് വിവിധ സ്ലാബുകളിൽ ആയി ശരാശരി 250 രൂപ മുതൽ 400 രൂപ വരെ അധികം നൽകേണ്ടി വരും.