ഇടുക്കി : ബജറ്റിൽ ഇടുക്കിക്കുള്ള പ്രത്യേക പാക്കേജുകൾ തട്ടിപ്പാണെന്ന പ്രതിപക്ഷ വിമർശനത്തിന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിൻ. നേരത്തെ പ്രഖ്യാപിച്ച പന്ത്രണ്ടായിരം കോടിക്ക് പുറമേയാണ് ഇപ്പോഴത്തെ 75 കോടി. ജലസേചന മ്യൂസിയം അടക്കമുള്ളവ ജില്ലയുടെ മുഖഛായ മാറ്റുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഇത്തവണത്തെ ബജറ്റിൽ 75 കോടിയുടെ സ്പെഷൽ പാക്കേജ് ആണ് ഇടുക്കിക്കുളള പ്രധാന വാഗ്ദാനം. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻറെ കാലത്ത് 5000 കോടിയുടെയും 12000 കോടിയുടെയും രണ്ട് പ്രത്യേക പാക്കേജുകൾ ഇടുക്കിക്ക് പ്രഖ്യാപിച്ചിരുന്നു. ഇത് വാഗ്ദാനമായി തുടരുന്നു എന്നും ഇപ്പോഴത്തെ പ്രഖ്യാപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്നുമാണ് പ്രതിപക്ഷത്തിന്റെ വിമർശനം. എന്നാൽ, ജലസേചനാ മ്യൂസിയം എന്നത് പുത്തൻ ആശയമാണ്. ഇത് ടൂറിസം മേഖലയ്ക്ക് പദ്ധതി മുതൽകൂട്ടാവും എന്ന് അദ്ദേഹം പറയുന്നു. ജലസേചന വകുപ്പിന്റെ പദ്ധതികൾക്കും വാരിക്കോരി പണം കിട്ടിയെന്നും മന്ത്രി പറഞ്ഞു.