തിരുവനന്തപുരം : സിനിമാ നയം മൂന്ന് മാസത്തിനുള്ളില്‍ രൂപീകരിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കോണ്‍ക്ലേവില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എല്ലാംകൂടി ചേര്‍ത്ത് ഒരു വെബ്‌സൈറ്റ് പ്രസിദ്ധീകരിക്കുന്നുണ്ട്. വെബ്‌സൈറ്റ് നിലവില്‍ വന്നാല്‍ ജനങ്ങള്‍ക്ക് അടുത്ത പതിനഞ്ച് ദിവസം അവരുടെ അഭിപ്രായം രേഖപ്പെടുത്താം. അതുകൂടി ഞങ്ങള്‍ സ്വീകരിക്കുന്നുണ്ട്. എല്ലാം കൂടി പരമാവധി ഒരു മൂന്ന് മാസം കൊണ്ട് ക്യാബിനറ്റിന് മുന്നിലേക്ക് ഈ നയം എത്തിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുവേണ്ടിയുള്ള വലിയൊരു കഠിന പരിശ്രമം ഞങ്ങള്‍ നടത്തി. ഇതൊരു ചരിത്ര ദൗത്യമാണ്. മലയാള സിനിമയുടെ നൂറാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ തീര്‍ച്ചയായിട്ടും ഈ ഗവണ്‍മെന്റിന് അഭിമാനിക്കാന്‍ പറ്റുന്ന ഒരു നേട്ടമാകും. കൃത്യവും വ്യക്തവുമായ ഒരു നയം ഭാഗമായിട്ട് ഗവണ്‍മെന്റിന്റെ പൂര്‍ണ്ണമായ പിന്തുണയോടെ നിലവില്‍ വരും – അദ്ദേഹം പറഞ്ഞു.