തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാല്‍തൊട്ടു വന്ദിച്ച സൂപ്പര്‍താരം രജനീകാന്തിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. അദ്ദേഹത്തിന്‍റെ കാല്‍ തൊട്ട് വന്ദിച്ചുള്ള ജനികാന്തിന്‍റെ ഉപചാര പ്രകടനം സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. യോഗിയുടെ കാലില്‍ തൊട്ടുവണങ്ങുന്ന രജനീകാന്തിന്‍റെ വിഡിയോ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. രജനിയെക്കാള്‍ ഇരുപതിലേറെ വയസ് കുറഞ്ഞ് യോഗിയുടെ കാല്‍തൊട്ടുവന്ദിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ”കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്… എന്നാൽ ഇങ്ങിനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും..!” എന്നാണ് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിനൊപ്പം #hukum #jailer എന്നീ ഹാഷ്ടാഗുകളും കൊടുത്തിട്ടുണ്ട്.
യോഗി ആദിത്യനാഥിന്‍റെ ഔദ്യോഗിക വസതി സന്ദര്‍ശിച്ച ശേഷം അദ്ദേഹത്തിന്‍റെ കാല്‍ തൊട്ടുവണങ്ങുകയായിരുന്നു. യോഗി ആദിത്യനാഥുമായി ചേർന്നു സിനിമ കാണാൻ ആഗ്രഹുമുണ്ട് എന്നും സിനിമയുടെ വലിയ വിജയം ദൈവത്തിന്‍റെ അനുഗ്രഹമായി കാണുന്നു എന്നും ലക്‌നൗവിലക്ക് തിരിക്കും മുൻപ് രജനികാന്ത് പറഞ്ഞിരുന്നു. എന്നാൽ ജയിലര്‍ സ്‌ക്രീനിങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തില്ല. അദ്ദേഹത്തിന്‍റെ ഡെപ്യൂട്ടി കേശവ് പ്രസാദ് മൗര്യയാണ് സിനിമ കാണാൻ എത്തിയത്.