തിരുവനന്തപുരം ∙ ചാല പ്രധാന തെരുവിൽ അതിഥി തൊഴിലാളികൾ തിങ്ങിക്കൂടി താമസിക്കുന്ന ലേബർ ക്യാംപിൽ മന്ത്രി വി.ശിവൻകുട്ടിയുടെ മിന്നൽ സന്ദർശനം. സംസ്ഥാന വ്യാപകമായി ലേബർ ക്യാംപുകളിൽ പരിശോധന നടത്താൻ പ്രത്യേക സംഘങ്ങളെ നിയോഗിക്കാൻ ലേബർ കമ്മിഷണർക്ക് മന്ത്രി നിർദേശം നൽകി. അനധികൃതമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ക്യാംപ് അടച്ചുപൂട്ടാൻ തിരുവനന്തപുരം നഗരസഭ ഉത്തരവിട്ടു. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ലേബർ കമ്മിഷണർ കെ.വാസുകി ഐഎഎസ്, അഡീഷനൽ ലേബർ കമ്മിഷണർ (എൻഫോഴ്സ്മെന്റ്) കെ.എം. സുനിൽ തുടങ്ങിയവരും ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
മൂന്നു നില കെട്ടിടത്തിന്റെ ഓരോ നിലയും മന്ത്രി അടങ്ങുന്ന സംഘം പരിശോധിച്ചു. അവിടെയുണ്ടായിരുന്ന അതിഥി തൊഴിലാളികളുമായി ആശയവിനിമയം നടത്തി. അനധികൃതമായി പ്രവർത്തിക്കുന്ന ലേബർ ക്യാംപ് അടച്ചുപൂട്ടാൻ നിർദ്ദേശിച്ച നഗരസഭ, കെട്ടിടത്തിൽ അനധികൃത നിർമാണം ഉണ്ടെങ്കിൽ പൊളിച്ചു മാറ്റാനും സൂപ്രണ്ടിങ് എൻജിനീയറോട് ആവശ്യപ്പെട്ടു. കെട്ടിടത്തിൽ ലൈസൻസ് ഇല്ലാത്ത കടകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഇന്റർസ്റ്റേറ്റ് മൈഗ്രന്റ് വർക്ക്മാൻ ആക്ട്-1979 പ്രകാരം കോൺട്രാക്ടർക്ക് ലേബർ കമ്മിഷണറേറ്റ് നോട്ടിസ് നൽകും. അതിഥി തൊഴിലാളികളെ മാറ്റി താമസിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കാനും ലേബർ കമ്മിഷണറേറ്റ് കോൺട്രാക്ടറോട് നിർദ്ദേശിച്ചു.