തിരുവനന്തപുരം : അടൂര്‍ സ്‌കാനിംഗ് സെന്ററില്‍ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയിന്‍മേല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ മന്ത്രി വീണ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.
സ്കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ റേഡിയോഗ്രാഫറെ അറസ്റ്റ് ചെയ്തിരുന്നു. സ്കാനിംഗ് സെന്‍ററില്‍ ജീവനക്കാരനായ കൊല്ലം ചിതറ സ്വദേശി അംജിത്ത് അനിരുദ്ധനാണ് പിടിയിലായത്. പ്രതിഷേധത്തെ തുടർന്ന് ലാബ് അടച്ചു.
സ്കാനിംഗ് സെന്‍ററിലെത്തിയ അടൂർ സ്വദേശിനിയായ യുവതിയുടെ ദൃശ്യങ്ങളാണ് പകർത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് യുവതി സ്ഥാപനത്തിലെത്തിയത്. സ്കാനിങ്ങിനായിവസ്ത്രം മാറാനൊരുങ്ങവെ മുറിയിൽ മൊബൈല്‍ ഫോൺ കണ്ട യുവതി വിവരം പൊലീസിൽ അറിയിക്കുകയായരുന്നു.
സ്ഥാപനത്തിലെത്തിയ പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ റേഡിയോ ഗ്രാഫറായ അംജിത്ത് കുറ്റം സമ്മതിച്ചു. ആറ് മാസത്തോളമായി ഇവിടുത്തെ ജീവനക്കാരാനാണ് അംജിത്ത്. ഇയാളുടെ ഫോണില്‍ നിന്ന് നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.