തിരുവനന്തപുരം: ജലവിഭവ മന്ത്രിയുടെ ഓഫിസിൽ ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയർക്ക് നേരെ കൈയേറ്റമുണ്ടായെന്ന പരാതിയെത്തുടർന്ന് വിവാദം മുറുകുന്നു. വ്യാഴാഴ്ച പ്രൈവറ്റ് സെക്രട്ടറിയെ കാണാൻ എത്തിയ തന്നെ മന്ത്രി റോഷി അഗസ്റ്റിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി കൈയേറ്റം ചെയ്തെന്നുകാട്ടി ഇൻലാൻഡ് നാവിഗേഷന്റെയും കുട്ടനാട് പാക്കേജിന്റെയും ചുമതലയുള്ള ആലപ്പുഴയിലെ ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയർ ശ്യാംഗോപാൽ ആണ് പരാതി നൽകിയത്. മർദിച്ചെന്ന പരാതി ജലവിഭവ പ്രിൻസിപ്പൽ സെക്രട്ടറി അശോക് കുമാർ സിങ്ങിന്റെ പരിഗണനയിലാണ്. മന്ത്രി ബുധനാഴ്ച സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തിയശേഷം പരാതി അദ്ദേഹത്തിന് കൈമാറും.
സംഭവം നടന്ന ദിവസംതന്നെ ശ്യാംഗോപാൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ബി. ഗോപകുമാരൻ നായർക്കും പരാതി നൽകിയിരുന്നു. പരാതിയിൽ മന്ത്രി എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല. പരാതിയിൽ തുടർനടപടി സ്വീകരിക്കുന്നെങ്കിൽ സെക്രട്ടേറിയറ്റിലെ ചീഫ് സെക്യൂരിറ്റി ഓഫിസർക്ക് കൈമാറാം. സെക്യൂരിറ്റി ഓഫിസർ പരാതി പൊലീസിനും കൈമാറും. എന്നാൽ, പ്രശ്നം ഒത്തുതീർക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സർവിസ് സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.