ഭോപാൽ∙ മധ്യപ്രദേശിലെ ഗ്വാളിയറില്‍ പതിനേഴുകാരിയും കാമുകനും ചേർന്ന് അമ്മയെ കുത്തിവീഴ്ത്തി കഴുത്തുഞെരിച്ചു കൊന്നു. യുവാവുമായുള്ള പ്രണയബന്ധം എതിര്‍ത്തതിന്റെ പേരിലാണ് ക്രൂരമായ കൊലപാതകം. ഭിണ്ഡ് സ്വദേശിയായ മുപ്പത്തെട്ടുകാരിയാണ് കൊല്ലപ്പെട്ടത്. രണ്ടുമാസം മുന്‍പ് പെണ്‍കുട്ടി ഇരുപത്തഞ്ചുകാരനായ കാമുകനൊപ്പം ഒളിച്ചോടിയിരുന്നു.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ പരാതിയിലായിരുന്നു അറസ്റ്റ്. പിന്നീട് യുവാവ് ജാമ്യത്തിലിറങ്ങുകയും ചെയ്തു. ഞായറാഴ്ച ഗഡിയപുരയിലെ വീട് തുറക്കാത്തതില്‍ സംശയം തോന്നി അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയെയും കാമുകനെയും കണ്ടെത്തിയത്.
അമ്മയെ കറിക്കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്ന് ഇരുവരും സമ്മതിച്ചു. കഴുത്ത് ഞെരിച്ചാണ് മരണം ഉറപ്പാക്കിയത്. നാടുവിടാന്‍ പദ്ധതിയിടുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഇവര്‍ക്കെതിരെ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയെന്ന് ഹസീറാബാഗ് പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സന്തോഷ് സിങ് പറഞ്ഞു