യുപി : ഉത്തര്‍പ്രദേശില്‍ ഓടുന്ന കാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമായി പീഡിപ്പിച്ചു. പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ വാഹനത്തില്‍ നിന്ന് തള്ളിയിട്ട് കൊന്നു. ബുലന്ദ്ഷഹറിലാണ് നാടിനെ നടുക്കിയ സംഭവം. കാറില്‍ നിന്ന് രക്ഷപെട്ട പെണ്‍കുട്ടിയാണ് ഇക്കാര്യം പുറത്തുപറഞ്ഞത്. മൂന്ന് പ്രതികള്‍ അറസ്റ്റിലായി. ഗ്രേറ്റര്‍ നോയിഡ നിവാസികളായ സന്ദീപ്, അമിത്, ഗാസിയാബാദ് നിവാസിയായ ഗൗരവ് എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ഗ്രേറ്റര്‍ നോയിഡയില്‍ നിന്നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും മറ്റ് സ്ത്രീകളെയും പ്രതികൾ ജോലി വാഗ്ദാനം ചെയ്ത് വാഹനത്തിൽ കയറ്റിയത്. രണ്ട് സ്ത്രീകളെ ലഖ്നൗവില്‍ ഇറക്കിവിട്ടു. തുടർന്ന് പ്രതികൾ കാറില്‍ മദ്യപിച്ചു. ശേഷം വഴക്കുണ്ടായപ്പോള്‍ മീററ്റ് ജില്ലയില്‍ വെച്ച് ഒരു സ്ത്രീയെ കാറില്‍ നിന്ന് തള്ളിയിട്ടു. പരുക്കേറ്റ ഇവർ പിന്നീട് മരിച്ചു. കാറിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് പ്രതികളും പീഡിപ്പിച്ചിട്ടുണ്ട്. മീററ്റില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെയുള്ള ബുലന്ദ്ഷഹര്‍ ജില്ലയിലെ ഖുര്‍ജയ്ക്ക് സമീപത്ത് നിന്ന് പെൺകുട്ടി രക്ഷപെടുകയായിരുന്നു.