തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ വിവാദ നടപടികൾക്കെതിരെ സമർപ്പിച്ച ഹരജി ന്യൂനപക്ഷ കമീഷൻ ഫയലിൽ സ്വീകരിച്ചു. കമീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഡയറക്ടർ, രജിസ്ട്രാർ, മാനവ വിഭവ ശേഷി മന്ത്രാലയം ഡയറക്ടർ ജനറൽ എന്നിവരോട് റിപ്പോർട്ട് തേടി.
ഏപ്രിൽ 29 ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങിൽ നേരിട്ട് ഹാജരായി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശി ഡോ. അൻവർ നാസർ സമർപ്പിച്ച ഹരജിയിന്മേലാണ് നടപടി സ്വീകരിച്ചത്.
എൻ.ഐ.ടി ലൈബ്രറിയിൽ നിന്നും വേദഗ്രന്ഥങ്ങളായ ഖുർആൻ, ബൈബിൾ എന്നിവയും അവയുടെ പരിഭാഷകളും ഒഴിവാക്കിയെന്നും ഇതിൽ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. എൻ.ഐ.ടി സമീപകാലത്ത് സ്വീകരിക്കുന്ന പല നടപടികളും രാജ്യത്തിന്റെ പാരമ്പര്യത്തിനും പൈതൃകത്തിനും നിരക്കാത്തതാണെന്നും ഹരജിയിൽ പറഞ്ഞിരുന്നു.