കറാച്ചി: പാക്കിസ്താനിൽ ന്യൂനപക്ഷ ഡോക്ടർ വെടിയേറ്റു മരിച്ചു. ഡോ ബിർബൽ ഗെനാനിയാണ് ക്ലിനിക്കിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കറാച്ചിയിൽ വെച്ച് കൊല്ലപ്പെടുന്നത്. ഇന്നലെയാണ് സംഭവം. മുൻ കറാച്ചി മെട്രോപൊളിറ്റൻ കോർപ്പറേഷൻ ഹെൽത്ത് സീനിയർ ഡയറക്ടറും നേത്രരോഗ വിദഗ്ധനുമാണ് കൊല്ലപ്പെട്ട ബിർബൽ ഗെനാനിയെന്ന് പാക്കിസ്താനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, കൊലപാതകം ആസൂത്രിതമാണെന്ന് സംശയം ഉയരുന്നുണ്ട്.
ഡോ ബീർബൽ ഗെനാനിയും അസിസ്റ്റന്റ് ലേഡി ഡോക്ടറും രാംസ്വാമിയിൽ നിന്ന് ഗുൽഷൻ-ഇ-ഇക്ബാലിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അജ്ഞാതർ കാർ ലക്ഷ്യമാക്കി വെടിവെച്ചത്. ബിർബൽ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. അസിസ്റ്റന്റ് ലേഡി ഡോക്ടർ പരിക്കുകളോടെ രക്ഷപ്പെട്ടുവെന്ന് പൊലീസ് പറയുന്നു. ഡോക്ടർ ഗെനാനിയുടെ കാർ നിയന്ത്രണം വിടുകയും മതിലിൽ ഇടിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിൽ ഒരു ബുള്ളറ്റ് അടയാളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി വരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൊലപാതകത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. അതിനിടെ, സിന്ധ് ഗവർണർ കമ്രാൻ ഖാൻ തെസോരി സംഭവത്തിൽ കറാച്ചി പൊലീസ് അഡീഷണൽ ഇൻസ്‌പെക്ടർ ജനറലിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കൊലപാതകത്തിൽ അദ്ദേഹം ദുഃഖം രേഖപ്പെടുത്തി.
റംസാനിൽ ഭക്ഷണം കഴിച്ചെന്ന് ആരോപിച്ച് കഴിഞ്ഞയാഴ്ച പാകിസ്ഥാനിൽ ഹിന്ദു കടയുടമകളെ ആക്രമിച്ചതായി പാകിസ്ഥാനിലെ ദി എക്സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. മാർക്കറ്റിൽ ബിരിയാണി തയ്യാറാക്കിയ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ഹിന്ദു റസ്റ്റോറന്റ് ഉടമകളെ പൊലീസ് ഉദ്യോഗസ്ഥൻ മർദ്ദിച്ചുവെന്നാണ് ആരോപണം. പൊലീസ് ഉദ്യോഗസ്ഥൻ വടിയുമായി കറങ്ങി നടക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ സാഹചര്യത്തിലാണ് കൊലപാതകം ആസൂത്രിതമാണെന്ന സംശയം ഉയരുന്നത്.