ദില്ലി : ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്ന വിഷയത്തില്‍ കോടതിക്ക് ഇപ്പോള്‍ തീര്‍പ്പുകല്‍പ്പിക്കാനാവില്ലെന്ന് സുപ്രീംകോടതി. വിഷയത്തില്‍ സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ച നടത്തണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇതിനായി മൂന്നുമാസത്തെ കാലാവധി അനുവദിച്ചു. ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്നായിരുന്നു കേന്ദ്രത്തിന്‍റെ ആദ്യ നിലപാട്. എന്നാല്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമല്ലാത്ത സംസ്ഥാനങ്ങളിലെ ന്യൂനപക്ഷവിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അവകാശം കേന്ദ്രത്തിനുണ്ടെന്നാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്ങമൂലത്തില്‍ കേന്ദ്രം പറയുന്നത്. ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നൽകണമെന്നാവശ്യപ്പെട്ട് അഡ്വ അശ്വനി ഉപാധ്യായാണ് 2020 ൽ സുപ്രീംകോടതിയെ സമീപിച്ചത്. ലക്ഷദ്വീപ്, മിസോറാം, ജമ്മുകശ്‌മീർ, അരുണാചൽ, മണിപ്പൂർ, പഞ്ചാബ്,നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലെ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകണമെന്നായിരുന്നു ഹർജി.