കൊച്ചി: കൊച്ചിയിലെ മിഷേല്‍ ഷാജിയെന്ന പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ വര്‍ഷം മൂന്ന് ആകാറായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ചും. മിഷേലിന്‍റേത് ആത്മഹത്യയെന്ന് ലോക്കല്‍ പൊലീസിനെപ്പോലെ ക്രൈംബ്രാഞ്ചും അന്വേഷണം നടത്താതെ വിധിയെഴുതിയെന്നാണു ബന്ധുക്കളുടെ പരാതി. മിഷേലിന്‍റേത് കൊലപാതകമാണെന്ന് തെളിവുകള്‍ സഹിതം ആരോപിക്കുകയാണ് കുടുംബം. കുറ്റപത്രം സമര്‍പ്പിക്കാതെ നീട്ടിക്കൊണ്ടുപോകുന്നത് കേസ് അട്ടിമറിക്കാനാണെന്നും കുടുംബം ആരോപിക്കുന്നു. മിഷേൽ ഉണ്ടോയെന്ന് ചോദിച്ച് ഹോസ്റ്റലിലെ സുഹൃത്ത് എന്നെ വിളിച്ചു. വെള്ളിയാഴ്ചയാണ് അവൾ ഹോസ്റ്റലിലേക്ക് പോയത്. അതുകൊണ്ടാണ് ഞായറാഴ്ച വീട്ടിലേക്കു വരാതിരുന്നതെന്ന് കരുതി. അവൾ പള്ളിയിൽ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയതാണ്. ഹോസ്റ്റലിൽ എത്തിയില്ലെന്ന് സുഹൃത്ത് പറയുകയായിരുന്നു.-മിഷേലിന്റെ അമ്മ പറഞ്ഞു.
ജലപ്രാണികളുടെ യാതൊരുവിധ ആക്രമണങ്ങളും മിഷേലിന്റെ ശരീരത്തിൽ ഉണ്ടായിട്ടില്ല. മറിച്ച് മനുഷ്യരുടെ ബലപ്രയോഗങ്ങളും നഖപ്പാടുകളും ശരീരത്തിൽ ഉണ്ടായിരുന്നു. മൂക്കിന്റെ രണ്ടുഭാഗത്തും നഖം താണ പാടുകളുണ്ട്. മുഖം അമർത്തിപ്പിടിച്ചപ്പോഴുണ്ടായതാണത്. കൈത്തണ്ടയിൽ 4 വിരലുകൾ ആഴത്തിൽ പതിഞ്ഞ് രക്തംകട്ട പിടിച്ച നിലയിലാണ്. മിഷേലിന്റെ രണ്ടു കൈകളിലും ബലംപ്രയോഗിച്ചതിന്റെ പാടുകളുണ്ട്. ചുണ്ട് മുറിഞ്ഞ നിലയിലായിരുന്നു. ഒരു കമ്മൽ വലിച്ചുപൊട്ടിച്ച നിലയിലാണ്. ചെവിയിൽ നിന്ന് ചോരയൊഴുകുന്നുണ്ടായിരുന്നു. – മിഷേലിന്റെ പിതാവ് പറഞ്ഞു.