ദില്ലി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നല്‍കിയതിന് നിരുപരാധികം മാപ്പ് പറഞ്ഞ് പതഞ്ജലി. സുപ്രീംകോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തിലാണ് പതഞ്ജലിയുടെ ഖേദപ്രകടനം. അവകാശവാദങ്ങൾ ആശ്രദ്ധമായി ഉൾപ്പെട്ടതാണെന്നും തെറ്റായ പരസ്യങ്ങൾ നല്‍കിയതില്‍ ഖേദിക്കുന്നുവെന്നും പതഞ്ജലി സത്യവാങ്മൂലത്തില്‍ പറയുന്നു. കോടതി ഉത്തരവിനെക്കുറിച്ച് പരസ്യ വിഭാഗത്തിന് അറിയില്ലായിരുന്നുവെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. പതഞ്ജലി എംഡി ആചാര്യ ബാൽ കൃഷ്ണയാണ് മാപ്പ് പറഞ്ഞത്. കോടതി നേരിട്ട് വിളിച്ച് വരുത്തിയതോടെയാണ് ഖേദപ്രകടനം.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പതഞ്ജലിക്കെതിരെ പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്നുമായിരുന്നു പരാതി. പരസ്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് നൽകിയെങ്കിലും പതഞ്ജലി ഇതിനോട് പ്രതികരിച്ചില്ല. പിന്നീട് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീംകോടതി മുന്നോട്ട് പോവുകയായിരുന്നു. എല്ലാ കാര്യങ്ങളും കൃത്യമായി ബോധിപ്പിച്ചില്ലെങ്കിൽ കര്‍ശന നടപടിയുണ്ടാകുമെന്ന് സുപ്രീംകോടതി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും പതഞ്ജലിയുടെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും കോടതിക്ക് ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് ബാബ രാംദേവിനോടും ആചാര്യ ബാൽ കൃഷ്ണയോടും നേരിട്ട് ഹാജരാകാൻ സുപ്രീംകോടതി ആവശ്യപ്പെട്ടത്.