ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് യോഗഗുരു രാംദേവിനും പതഞ്ജലി ആയുർവേദ കമ്പനി മാനജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണക്കും സുപ്രീം കോടതി നോട്ടീസ്. അടുത്ത ഉത്തരവ് ഉണ്ടാകുന്നതു വരെ മെഡിക്കൽ ഉൽപന്നങ്ങൾ പരസ്യം ചെയ്യരുതെന്നും നോട്ടീസിലുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) ഹരജിയിലാണ് സുപ്രീം കോടതി ജഡ്ജി അമാനുല്ല അധ്യക്ഷനായ ബെഞ്ചിന്റെ വിധി. യോഗയുടെ സഹായത്തോടെ ആസ്മയും ഷുഗറും പൂർണമായി ഭേദമാകുമെന്ന
പതഞ്ജലി അവകാശവാദത്തിനെതിരെ മുതിർന്ന അഭിഭാഷകൻ പി.എസ്.പട്വാലിയ ഐ.എം.എക്കു വേണ്ടി നൽകിയ ഹരജിയിലാണ് കോടതിവിധി. ഇത്തരം പരസ്യങ്ങൾക്കെതിരെ നടപടിയെടുക്കാത്തതിന് കേന്ദ്രസർക്കാരിനെ സുപ്രീം കോടതി കുറ്റപ്പെടുത്തുകയും ചെയ്തു. സർക്കാർ കണ്ണടച്ച് ഇരിക്കുകയാണെന്നും ഇത്തരം പരസ്യങ്ങളിലൂടെ രാജ്യത്തെ മുഴുവൻ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇത് വളരെ ദൗർഭാഗ്യകരമാണെന്നും സർക്കാർ അടിയന്തിരമായി നടപടികൾ കൈക്കൊള്ളണമെന്നും ബെഞ്ച് പറഞ്ഞു.
പതഞ്ജലി ആയുർവേദ മരുന്നുകളെക്കുറിച്ചുള്ള പരസ്യങ്ങളിൽ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനെതിരെ സുപ്രീം കോടതി കഴിഞ്ഞ നവംബറിൽ മുന്നറിയിപ്പ് നൽകിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന മെഡിക്കൽ പരസ്യങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകനോട് സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു.