പാലക്കാട്: പാലക്കാട് കൊല്ലങ്കോട് നിന്ന് കാണാതായ ഫോറസ്റ്റ് ബീറ്റ് ഓഫീസർ അനൂപ് ചന്ദ്രനെ കണ്ടെത്തി. ഗുരുവായൂരിൽ നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മധുര, പഴനി എന്നിവിടങ്ങളിൽ ദർശനത്തിന് പോയതാണ് എന്നാണ് അനൂപ് ചന്ദ്രൻ പൊലീസിന് നൽകിയ മൊഴി. നെന്മാറ ഡിവിഷനിലെ തിരുവഴിയാട് സെക്ഷനിലാണ് ജോലി ചെയ്യുന്ന അനൂപിനെ കഴിഞ്ഞ ബുധനാഴ്ചയാണ് കാണാതായത്. ഇതേതുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനൂപ് ചന്ദ്രനെ ഗുരുവായൂരിൽ നിന്ന് കണ്ടെത്തിയത്.
അച്ഛനും അമ്മയ്ക്കുമൊപ്പം താമസിക്കുന്ന അനൂപ് ചന്ദ്രനെ ഓഗസ്റ്റ് 10ന് ആണ് കാണാതായത്. തലേദിവസം ആഹാരം കഴിച്ച് കിടന്ന മകനെ രാവിലെ നോക്കിയപ്പോൾ കാണാനില്ലെന്നായിരുന്നു മാതാപിതാക്കളുടെ മൊഴി. ജോലി സ്ഥലത്തുൾപ്പെടെ അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിക്കാതെ വന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഉപയോഗിച്ചിരുന്ന ഫോൺ വീട്ടിനകത്ത് തന്നെ ഉണ്ടായിരുന്നത് ആശങ്കയേറ്റി. 7 വർഷമായി നെന്മാറ ഫോറസ്റ്റ് ഡിവിഷനിലെ തിരുവഴിയാടിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആണ് അനൂപ് ചന്ദ്രൻ. അവിവാഹിതനാണ്.