മലപ്പുറം∙ പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്പെഷൽ വോട്ടുകൾ സൂക്ഷിച്ച പെട്ടി കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്തു. തർക്കത്തെ തുടർന്ന് എണ്ണാതെവച്ച 348 വോട്ടുകളാണ് പെട്ടിയിലുണ്ടായിരുന്നതെന്നാണ് സൂചന. പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ചിരുന്നത് മൂന്നു പെട്ടികളിൽ ഒന്നാണ് കാണാതായത്. ഹൈക്കോടതി കേസ് നാളെ പരിഗണിക്കാനിരിക്കെ പെട്ടി കൊച്ചിയിലേക്കു മാറ്റുന്നതിനായി തിരഞ്ഞപ്പോഴാണു കാണാതായതു ശ്രദ്ധയിൽപ്പെട്ടത്.
പെട്ടി മാറ്റുന്നതിനായി സ്ട്രോങ് റൂം തുറന്നപ്പോൾ രണ്ടു പെട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് നടത്തിയ തിരച്ചിലിൽ, കാണാതായ പെട്ടി മലപ്പുറത്തെ സഹകരണ ജോയന്റ് രജിസ്ട്രാർ ഓഫിസിൽനിന്ന് കണ്ടെത്തുകയായിരുന്നു. യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരം 38 വോട്ടിനു ജയിച്ച മണ്ഡലമാണിത്. തപാൽ വോട്ടുകൾ പൂർണമായി എണ്ണിയില്ലെന്നു കാണിച്ച് എതിർ സ്ഥാനാർഥി മുഹമ്മദ് മുസ്തഫ കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് വോട്ടുപെട്ടി ഹൈക്കോടതിയുടെ പരിഗണനയിലേക്കു മാറ്റാൻ ഉത്തരവുണ്ടായത്. മൂന്നു പെട്ടികളിൽ ഒന്നു മാത്രം എങ്ങനെ മാറ്റി എന്നതിൽ സംശയം ഉണ്ടെന്നും മുസ്തഫ പ്രതികരിച്ചു.