ഭോപ്പാൽ: സ്പെല്ലിംഗ് തെറ്റിച്ചെന്നാരോപിച്ച് അഞ്ചുവയസ്സുകാരിയുടെ വലതുകൈ വളച്ചൊടിച്ച് അധ്യാപകൻ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് വിദ്യാർത്ഥിക്ക് നേരെ ഈ ക്രൂരത അരങ്ങേറിയത്. സ്വകാര്യ ട്യൂഷൻ സെന്ററിലെ 22കാരനായ അധ്യാപകൻ പ്രയാഗ് വിശ്വകർമ്മയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പാരറ്റ് എന്ന വാക്കിന്റെ സ്പെല്ലിംഗ് തെറ്റിച്ചതിനാണ് ഇയാൾ കുട്ടിയുടെ കൈ വളച്ചൊടിക്കുകയും തല്ലുകയും ചെയ്തതെന്ന് ഹബീബ്ഗഞ്ച് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മനീഷ് രാജ് സിംഗ് ബദൗരിയ പറഞ്ഞു.
പെൺകുട്ടിയുടെ വലതുകൈക്ക് ഗുരുതരമായി പൊട്ടൽ സംഭവിച്ചിട്ടുണ്ടെന്ന് കുട്ടികൾക്കായി പ്രവർത്തിക്കുന്ന എൻജിഒ ചൈൽഡ്‌ലൈൻ ഡയറക്ടർ അർച്ചന സഹായ് വാർത്താ ഏജൻസിയോട് പറഞ്ഞു. സംഭവത്തിന് ശേഷം പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഉടൻ ഡിസ്ചാർജ് ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു
ഐപിസി ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം, കുട്ടിയെ ആക്രമിച്ചതിന് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഇൻസ്പെക്ടർ ബദൗരിയ പറഞ്ഞു. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് ചൊവ്വാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂളിലെ പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്നതിന് വേണ്ടിയാണ് പെൺകുട്ടി അധ്യാപകന്റെ അടുക്കൽ ട്യൂഷന് പോയിരുന്നത്. പതിവായി കുട്ടി ട്യൂഷന് പോകാറുണ്ടായിരുന്നു.