പൂനെ : ഏകദിന ലോകകപ്പില്‍ വിരേന്ദര്‍ സെവാഗിന്റെ അക്കൗണ്ടിലുണ്ടായിരുന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷ്. ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടമാണ് മാര്‍ഷിനെ തേടിയെത്തിയത്. ഇന്ന് ബംഗ്ലാദേശിനെതിരെ പൂനെയില്‍ പുറത്താവാതെ 177 റണ്‍സാണ് മാര്‍ഷ് നേടിയത്. മത്സരം ഓസീസ് എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 44.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ഇതിനിടെയാണ് മാര്‍ഷ് സെവാഗിനെ മറികടന്നത്. 2011 ലോകകപ്പില്‍ മിര്‍പൂരില്‍ സെവാഗ് 175 റണ്‍സാണ് നേടിയിരുന്നത്. ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്ക് നേടിയ 174 റണ്‍സ് മൂന്നാമതായി. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. 2019ല്‍ നോട്ടിംഗ്ഹാമില്‍ നേടിയ 166 റണ്‍സ് പട്ടികയിലുണ്ട്. ലോകകപ്പില്‍ ഒരു ഓസ്‌ട്രേലിയന്‍ താരം നേടുന്ന മൂന്നാമത്തെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോര്‍ കൂടിയാണിത്. ഗ്ലെന്‍ മാക്‌സ്‌വെല്‍ (201), ഡേവിഡ് വാര്‍ണര്‍ (178) എന്നിവരാണ് മാര്‍ഷിന് മുന്നില്‍.