ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ 23 വർഷം നീണ്ട രാജ്യാന്തര കരിയറിനു തിരശ്ശീല. ട്വിറ്ററിൽ പങ്കുവച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണു മുപ്പത്തിയൊൻപതുകാരിയായ മിതാലിയുടെ വിടവാങ്ങൽ പ്രഖ്യാപനം. ഏകദിന ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് (7805) നേടിയ താരമായി മിതാലിക്കു കീഴിൽ, ഇന്ത്യ 2017ലെ ഏകദിന ലോകകപ്പ് ഫൈനൽ വരെയെത്തിയിരുന്നു. 89 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ 2,364 റൺസും 12 ടെസ്റ്റിൽ 699 റൺസും നേടിയിട്ടുണ്ട്. 232 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.
1999 ജൂണിലെ ഏകദിനത്തിലൂടെ രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം കുറിച്ച മിതാലി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റർമാരിൽ ഒരാൾ എന്ന ഖ്യാതിയോടെയാണു മൈതാനത്തോടു വിടപറയുന്നത്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു അവസാന രാജ്യാന്തര മത്സരം. ലോകകപ്പിൽ ഇന്ത്യയ്ക്കു ഗ്രൂപ്പ് ഘട്ടം കടക്കാനായില്ലെങ്കിലും അവസാന രാജ്യാന്തര മത്സരത്തിൽ 84 പന്തിൽ 68 റൺസെടുത്ത് മിതാലി തിളങ്ങിയിരുന്നു.
‘കടന്നുപോയ വർഷങ്ങളിൽ എനിക്കു നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും അതിരറ്റ നന്ദി. നിങ്ങളുടെയെല്ലാം അനുഗ്രഹത്തോടും ആശിർവാദത്തോടും കൂടി ജീവിതത്തിലെ 2–ാം ഇന്നിങ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നു’– എന്ന ട്വീറ്റിനൊപ്പം മിതാലി വിടവാങ്ങൽ കുറിപ്പും പങ്കുവച്ചു.
‘ചെറിയ പെൺകുട്ടിയായിരിക്കെ, ഇന്ത്യയുടെ നീല ജഴ്സി അണിയാനുള്ള മോഹവുമായി തുടങ്ങിയതാണ് ഈ യാത്ര. ഇന്ത്യയെ പ്രതിനിധീകരിക്കാനായത് ഏറ്റവും വലിയ അംഗീകാരമായി കരുതുന്നു. ഏറെ ഉയർച്ചകളും അൽപമൊക്കെ താഴ്ചയും നിറഞ്ഞ യാത്രയായിരുന്നു ഇത്. എല്ലാക്കാര്യങ്ങളും പുതിയ ഓരോ പാഠങ്ങളായിരുന്നു. ഏറെ ആത്മസംതൃപ്തി നൽകിയ, വളരെയധികം ആസ്വദിച്ച 23 വർഷങ്ങളാണു കടന്നുപോയത്. എല്ലാ യാത്രകളും പോലെ, ഈ യാത്രയ്ക്കും ഒരു അന്ത്യമുണ്ടാകേണ്ടത് അനിവാര്യതയാണ്. രാജ്യാന്തര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും ഞാൻ വിരമിക്കുന്ന ദിവസമാണിന്ന്. ഓരോ തവണ മൈതാനത്തിറങ്ങിയപ്പൊഴും ഇന്ത്യയുടെ ജയത്തിനായി എന്റെ കഴിവിന്റെ പരമാവധി നൽകാൻ ആത്മാർഥമായി ശ്രമിച്ചിട്ടുണ്ട്. ഇന്ത്യൻ ജഴ്സി അണിയാൻ ലഭിച്ച അവസരം എപ്പോഴും ഓർമകളിലുണ്ടാകും.
രാജ്യാന്തര കരിയറിനു തിരശ്ശീലയിടാൻ ഏറ്റവും അനിവാര്യമായ സമയം ഇതാണെന്നാണു വിശ്വസിക്കുന്നത്. പ്രതിഭാസമ്പന്നരായ ഒരു പറ്റം യുവതാരങ്ങളുടെ കയ്യിൽ ഇന്ത്യൻ ടീം ഇപ്പോൾ സുരക്ഷിതമാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഏറെ ശോഭനീയമാണ്. ബിസിസിഐയോടും സെക്രട്ടറി ജെയ് ഷായോടും, ആദ്യം താരം എന്ന നിലയിലും പിന്നീട് ക്യാപ്റ്റൻ എന്ന നിലയിലും എനിക്കു നൽകിയ പിന്തുണയുടെ പേരിൽ നന്ദി അറിയിക്കുകയാണ്. ഇന്ത്യയെ വളരെക്കാലം നയിക്കാനായത് വലിയ അംഗീകാരമായി കരുതുന്നു.
ഒരു വ്യക്തി എന്ന നിലയിൽ സ്വയം പാകപ്പെടാനും ഇന്ത്യൻ വനിതാ ക്രിക്കറ്റിനെത്തന്നെ പാകപ്പെടുത്തിയെടുക്കാനും ഇതു സഹായകമായിട്ടുണ്ടെന്നു വിശ്വസിക്കുന്നു’– മിതാലിയുടെ കുറിപ്പിൽ പറയുന്നു. ഏകദിനത്തിൽ 7 സെഞ്ചറിയും ടെസ്റ്റിൽ ഒരു സെഞ്ചറിയും 4 അർധ സെഞ്ചറിയുമാണു മിതാലിയുടെ നേട്ടം. ഏകദിനത്തിൽ 64 അർധ സെഞ്ചറിയും ട്വന്റി20യിൽ 17 അർധ സെഞ്ചറിയും കുറിച്ചിട്ടുണ്ട്.