കൊല്‍ക്കത്ത: മുതിർന്ന നടൻ മിഥുൻ ചക്രബർത്തിയെ നെഞ്ച് വേദനയെ തുടർന്ന് ശനിയാഴ്ച അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്ന് കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന താരം എന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിൻ്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കുടുംബമോ ആശുപത്രി അധികൃതരോ പുറത്തുവിട്ടിട്ടില്ല. 1976 മുതൽ ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ സജീവമാണ് മിഥുന്‍ ചക്രബര്‍ത്തി.ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.കഴിഞ്ഞ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് മിഥുന്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അമിത് ഷാ വീട്ടിലെത്തി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മിഥുന്‍ ചക്രബര്‍ത്തി ബിജെപിയില്‍ ചേര്‍ന്നത്.
നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ഇദ്ദേഹത്തിന്‍റെതായി ഉണ്ടെങ്കിലും ഡിസ്കോ ഡാൻസർ, ജംഗ്, പ്രേം പ്രതിഗ്യ, പ്യാർ ജുക്താ നഹിൻ, മർദ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മിഥുൻ ചക്രബർത്തി അറിയപ്പെടുന്നത്. ഈ വർഷത്തെ പത്മഭൂഷൺ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിരുന്നു.മിഥുൻ്റെ അമ്മ 2023 ജൂലൈയിൽ മുംബൈയിൽ വച്ച് അന്തരിച്ചിരുന്നു. കുറച്ചു കാലമായി അവർ വാർദ്ധക്യസഹജമായ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹത്തിൻ്റെ പിതാവ് ബസന്തോകുമാർ ചക്രവർത്തിയും 2020 ഏപ്രിലിൽ 95-ആം വയസ്സിൽ വൃക്ക തകരാറുമൂലം അന്തരിച്ചിരുന്നു.