കൊച്ചി∙ തൃശൂർ കരുവന്നൂർ ബാങ്കിലെ ബെനാമി വായ്പ തട്ടിപ്പിലൂടെ വൻതോതിൽ കള്ളപ്പണം വെളുപ്പിക്കൽ നടത്തിയെന്ന കേസിലെ പ്രതികളുടെ തൃശൂർ സർവീസ് സഹകരണബാങ്കിലെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ബാങ്ക് പ്രസിഡന്റും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ സിപിഎം നേതാവ് എം.കെ.കണ്ണൻ മറച്ചുവയ്ക്കുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വ്യക്തമാക്കി.കണ്ണന്റെ വ്യക്തിപരമായ സാമ്പത്തിക ഇടപാടുകളുടെ രേഖകൾക്കു പുറമേ തൃശൂർ ബാങ്കുമായി ബന്ധപ്പെട്ടു കരുവന്നൂർ കേസിലെ ഒന്നാം പ്രതി പി.സതീഷ്കുമാർ നടത്തിയ ഇടപാടുകളുടെ വിവരങ്ങളും ഒന്നാംഘട്ട ചോദ്യം ചെയ്യലിൽ ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. രേഖകൾ ഹാജരാക്കാൻ അനുവദിച്ച അവസാന ദിവസമായ ഇന്നലെ പാൻ കാർഡിന്റെ പകർപ്പും ബാങ്ക് പാസ്ബുക്കും ആദായനികുതി റിട്ടേൺ സമർപ്പിച്ചതിന്റെ രേഖകളും മാത്രമാണു പ്രതിനിധി കൈവശം കണ്ണൻ കൊടുത്തുവിട്ടത്.
തൃശൂർ സർവീസ് സഹകരണ ബാങ്കിൽ പി.സതീഷ്കുമാറിന് എത്ര നിക്ഷേപമുണ്ടെന്ന വിവരം പോലും എം.കെ.കണ്ണൻ കൈമാറുന്നില്ല. ബാങ്കിന്റെ നയം അനുസരിച്ച് ഇത്തരം വിവരങ്ങൾ ഇ.ഡിക്കു കൈമാറാനുള്ള ബാധ്യത ബാങ്ക് പ്രസിഡന്റിനില്ലെന്നാണു വിശദീകരിച്ചത്. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനാൽ ആദ്യദിവസം ചോദ്യം ചെയ്യൽ നിർത്തി കണ്ണനെ വിട്ടയക്കുകയായിരുന്നു. ഇ.ഡി. പ്രധാനമായും ആവശ്യപ്പെട്ട രേഖകളൊന്നും ഇന്നലെ വരെ കൈമാറിയിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
കേസന്വേഷണത്തിന്റെ ഭാഗമായി പെരിങ്ങണ്ടൂർ ബാങ്ക് സെക്രട്ടറി ടി.ആർ.രാജനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസിലെ മൂന്നാം പ്രതിയും സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമായ പി.ആർ.അരവിന്ദാക്ഷന്റെ മാതാവിന്റെ പേരിൽ പെരിങ്ങണ്ടൂർ ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള 63 ലക്ഷം രൂപയുടെ സ്രോതസ്സ് അറിയാനാണു ചോദ്യം ചെയ്യൽ. 1600 രൂപ പ്രതിമാസ ക്ഷേമ പെൻഷൻ മാത്രമുള്ള മാതാവിന്റെ പേരിൽ ഇത്രയും തുക നിക്ഷേപിച്ചതാരാണെന്നു അരവിന്ദാക്ഷൻ വ്യക്തമാക്കിയിട്ടില്ല.
വടക്കാഞ്ചേരി നഗരസഭ സിപിഎം കൗൺസിലർ മധു അമ്പലപുരത്തിനെ ഇന്നലെ വീണ്ടും ഇ.ഡി. ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) നിയമപ്രകാരമുള്ള അന്വേഷണത്തിന് ആവശ്യമായ രേഖകൾ സമർപ്പിക്കാതിരുന്ന സാഹചര്യത്തിൽ ചോദ്യംചെയ്യലിനു വീണ്ടും ഹാജരാവാനുള്ള നോട്ടിസ് എം.കെ.കണ്ണനു നൽകും. കണ്ണൻ നിസ്സഹകരണം തുടർന്നാൽ സ്വീകരിക്കേണ്ട തുടർനടപടികളെക്കുറിച്ച് അന്വേഷണസംഘം നിയമോപദേശം തേടിയിട്ടുണ്ട്.