കോഴിക്കോട്: കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക നേരിട്ടറിയാന്‍ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട് ജില്ലയില്‍ സന്ദര്‍ശനം നടത്തി. മെഡിക്കല്‍ കോളേജ് ക്യാമ്പസ് എച്ച്എസ് സ്‌കൂളിലാണ് തമിഴ്‌നാട് മന്ത്രി അന്‍പില്‍ മഹേഷ് പൊയ്യമൊഴിയും സംഘവും സന്ദര്‍ശനം നടത്തിയത്. കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യവും പാഠ്യ-പാഠ്യേതര രംഗത്തുള്ള മുന്നേറ്റവും നേരിട്ടറിയാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് തന്റെ സന്ദര്‍ശനമെന്ന് അന്‍പില്‍ മഹേഷ് പൊയ്യമൊഴി പറഞ്ഞു. സ്‌കൂള്‍ കൈവരിച്ച പശ്ചാത്തല വികസനവും വിദ്യാര്‍ഥികള്‍ക്കായി സജ്ജീകരിച്ച വെര്‍ച്വല്‍ റിയാലിറ്റി ക്ലാസ് മുറികളുടെ പ്രവര്‍ത്തനങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു. അധ്യാപകരോടും കുട്ടികളോടും അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്തു. കണ്ണൂര്‍ ജില്ലയിലെ എന്‍.ഐ.എഫ്.ടി, കോഴിക്കോട് എന്‍.ഐ.ടി എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനുശേഷമാണ് മന്ത്രി സ്‌കൂളിലേക്ക് എത്തിയത്.
കേരളത്തിന്റെ മാതൃക തമിഴ്നാട്ടില്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് അന്‍പില്‍ മഹേഷ് പറഞ്ഞു. ദാരിദ്ര്യമല്ല, അഭിമാനമാണ് സര്‍ക്കാര്‍ സ്‌കൂളുകളുടെ അടയാളമെന്ന് വ്യക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. അതിനുള്ള മാതൃകകള്‍ തേടിയാണ് കേരളത്തിലെത്തിയത്. തമിഴ്നാട് നടപ്പാക്കുന്ന മോഡല്‍ സ്‌കൂള്‍ പദ്ധതിക്ക് കേരളം പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ സിഎം ജംഷീര്‍, കോഴിക്കോട് ഡിഡിഇ മനോജ് കുമാര്‍ മണിയൂര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശാദിയ ബാനു ടി, കോഴിക്കോട് സിറ്റി എഇഒ ജയകൃഷ്ണന്‍ എം, മറ്റു വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.