ബെംഗളൂരു: മുൻ കോൺഗ്രസ് എം.എൽ.എ അഖണ്ഡ ശ്രീനിവാസ് മൂർത്തി ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി മുതിർന്ന നേതാവ് ബി.എസ് യെദൂരിയപ്പ, കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജ് ഉൾപ്പടെയുള്ള നേതാക്കൾ അഖണ്ഡ ശ്രീനിവാസ് മൂർത്തിയെ അംഗത്വം നൽകി സ്വീകരിച്ചു.
2023ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് കിട്ടാത്തതിനെ തുടർന്ന് കോൺഗ്രസ് വിട്ട് അഖണ്ഡ ശ്രീനിവാസ് മൂർത്തി ബി.എസ്.പിയുടെ ടിക്കറ്റിൽ മത്സരിച്ചിരുന്നു. എന്നാൽ കോൺഗ്രസ് സ്ഥാനാർഥിയോട് പരാജയപ്പെടുകയായിരുന്നു.
ബാംഗ്ലൂർ നോർത്ത് ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കരന്ദ്‌ലജെ മത്സരിക്കുന്നത്. പുലകേശിനഗറിൽ നിന്നുള്ള മുൻ എം.എൽ.എയാണ് അഖണ്ഡ ശ്രീനിവാസ് മൂർത്തി. അതിനാൽ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അഖണ്ഡ ശ്രീനിവാസ് മൂർത്തി പാർട്ടിയിൽ ചേർന്നത് പാർട്ടിയ്ക്ക് കരുത്ത് പകർന്നെന്ന് യെദൂരിയപ്പ പറഞ്ഞു. രണ്ട് ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ വോട്ടുകൾക്ക് ശോഭ കരന്ദ്‌ലാജെ വിജയിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.