തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസുകളെയും സ്വകാര്യബസുകളെയും ജിപിഎസ് വഴി ബന്ധിപ്പിച്ച് ബസിന്റെ റൂട്ടും സമയവും കൃത്യമായി അറിയിക്കുന്ന മൊബൈല്‍ ആപ്പുമായി ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം സംസ്ഥാനത്ത് ഉടന്‍ നടപ്പാക്കും. ബസിന്റെ വരവും പോക്കും മൊബൈലിലെ ആപ്പില്‍ തെളിയും. സ്ത്രീസുരക്ഷ ലക്ഷ്യമിട്ടു കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ നിര്‍ഭയ പദ്ധതിയുടെ ഭാഗമാണ് ജിപിഎസ് വയ്ക്കുന്നതും നിരീക്ഷിക്കുന്നതും. കെഎസ്ആര്‍ടിസി ബസുകളില്‍ ജിപിഎസ് വയ്ക്കുന്നത് ഉടനെ പൂര്‍ത്തിയാകും. സ്വകാര്യബസുകള്‍ ഇതു വയ്ക്കുന്നതില്‍ വിമുഖത പ്രകടിപ്പിച്ചെങ്കിലും ഹൈക്കോടതിയുടെ നിര്‍ദേശമുള്ളതിനാല്‍ ഇനി നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരിനാകില്ല. ജിപിഎസ് വയ്ക്കുന്നതിനുള്ള സമയപരിധി ഈ മാസം എന്നത് ഗതാഗതവകുപ്പ് നീട്ടില്ലെന്നറിയിച്ചു.
റൂട്ട് മാറി ഓടുന്നതും രാത്രിയില്‍ ആളു കുറവാണെങ്കില്‍ പകുതി വച്ചു സര്‍വീസ് നിര്‍ത്തുന്നതും ഇത്തരത്തില്‍ ജിപിഎസ് ഏകോപനം വന്നാല്‍ നടക്കില്ല. കേന്ദ്രപദ്ധതി പ്രകാരം ടാക്‌സിയും ലോറിയും ഉള്‍പ്പെടെ എല്ലാ പൊതുഗതാഗത സംവിധാനവും ഇതിന്റെ കീഴില്‍ വരണം. പൊതുഗതാഗതമേഖലയില്‍ കേരളത്തില്‍ 8.5 ലക്ഷം വാഹനങ്ങളുണ്ട്. ഇതില്‍ 2 ലക്ഷത്തില്‍ താഴെ വാഹനങ്ങള്‍ക്കു മാത്രമേ ഇതുവരെ ജിപിഎസ് സംവിധാനമുള്ളൂ. ആദ്യം ബസുകളിലും രണ്ടാം ഘട്ടം ടാക്‌സികളിലും പിന്നീട് ഓട്ടോറിക്ഷയിലും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.