മുർഷിദാബാദ്: ഓൺലൈൻ മൊബൈൽ ഗെയിമിന്റെ പാസ്സ്‌വേർഡ് ഷെയർ ചെയ്യാത്തതിന്റെ പേരിൽ 18 കാരനെ 4 സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. കൊലപാതക ശേഷം മൃതദേഹം കത്തിച്ച് കാട്ടിൽ തള്ളുകയായിരുന്നു. പ്രതികളെ പൊലീസ് പിടികൂടി. പത്താം ക്ലാസ് വിദ്യാർത്ഥിയായ പപ്പായി ദാസ് (18) ആണ് മരിച്ചത്. ജനുവരി എട്ടിന് വൈകുന്നേരം പുറത്തുപോയ ദാസിനെ കാണാതായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ, ജനുവരി 15ന് കാട്ടിൽ നിന്ന് കത്തിക്കരിഞ്ഞ ഒരു മൃതദേഹം കണ്ടെത്തി. ഫറാക്കയിലെ ഫീഡർ കനാലിൽ നിശീന്ദ്ര ഘട്ടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
മരിച്ചയാൾ ദാസാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. തുടർ അന്വേഷണത്തിലാണ് കൊലപാതക ദുരൂഹത ചുരുളഴിയുന്നത്. ദാസും നാല് സുഹൃത്തുക്കളും ഫറാക്ക ബാരേജിന്റെ ഒരു ക്വാർട്ടേഴ്സിൽ ഓൺലൈൻ ഗെയിമുകൾ കളിക്കാറുണ്ടായിരുന്നു. ജനുവരി എട്ടിനും ഇവർ ഓൺലൈൻ ഗെയിം കളിച്ചിരുന്നു. എന്നാൽ ഇര തന്റെ ഓൺലൈൻ മൊബൈൽ ഗെയിമിൻ്റെ പാസ്‌വേഡ് പങ്കിടാൻ വിസമ്മതിച്ചു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ദാസിനെ നാല് പേർ ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. ശേഷം ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റി മൃതദേഹം കത്തിച്ചു. ഭാഗികമായി കത്തിക്കരിഞ്ഞ മൃതദേഹം ഫറാക്ക ഫീഡറിലെ നിശീന്ദ്ര ഘട്ടിലേക്ക് തള്ളിയ ശേഷം രക്ഷപ്പെട്ടു. പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇര ഓൺലൈൻ ഗെയിമിന് അടിമയാണ്. ഈ വർഷത്തെ പ്രീ-ബോർഡ് പരീക്ഷ പോലും എഴുതാൻ എത്തിയിരുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥൻ പരാമർശിച്ചു.