തിരുവനന്തപുരം > പുതുതായി പരീക്ഷിക്കുന്ന സെൽ ബ്രോഡ്‌കാസ്റ്റിങ്ങിന്റെ ഭാഗമായി മൊബൈൽ ഫോണുകളിൽ ചൊവ്വാഴ്‌ച പ്രത്യേക ശബ്‌ദത്തിലും വൈബ്രേഷനിലും പരീക്ഷണ സന്ദേശം വരുമെന്ന് കേന്ദ്ര ടെലികോം വകുപ്പിന്റെ മുന്നറിയിപ്പ്. ചില അടിയന്തര ഘട്ടങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിച്ചേക്കാം. ഇത്തരത്തിൽ സന്ദേശങ്ങൾ ലഭിക്കുന്നവർ പരിഭ്രാന്തരാകേണ്ടതില്ല, ഇതൊരു അടിയന്തര ഘട്ട മുന്നറിയിപ്പ് പരീക്ഷണം മാത്രമാണെന്ന് മൊബൈൽ ഫോണുകളിൽ സന്ദേശങ്ങൾ മുൻകൂറായി അയച്ചിട്ടുണ്ട്.
പ്രകൃതി ദുരന്തങ്ങൾ അടിയന്തരമായി ഫോണുകളിലൂടെ അറിയിക്കാനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും സഹായിക്കുന്ന സെൽ ബ്രോഡ് കാസ്റ്റിങ് സംവിധാനത്തിന്റെ പരീക്ഷണമാണിത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ എന്നിവർ ചേർന്നാണ് ട്രയൽ നടത്തുന്നത്.