തിരുവനന്തപുരം∙ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ന്യൂനമര്‍ദം വരും മണിക്കൂറുകളില്‍ തീവ്രന്യൂനമര്‍ദം ആകുമെന്നും നാളെയോടെ മോക്ക ചുഴലിക്കാറ്റായി മാറുമെന്നുമാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.തുടര്‍ന്ന് ബംഗ്ലദേശ് – മ്യാന്‍മര്‍ തീരത്തേക്ക് സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും സ്വാധീനഫലമായി വരുന്ന അഞ്ചു ദിവസങ്ങളില്‍ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മറ്റന്നാള്‍ പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും യെലോ അലര്‍ട്ടുണ്ട്. ഇന്നു മുതൽ 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ. വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മേയ് 12, 13 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയര്‍ന്ന തിരമാലകള്‍ക്കു സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. ജലാശയങ്ങളിലും കടലിലും ഇറങ്ങിയുള്ള വിനോദസഞ്ചാരത്തില്‍ നിയന്ത്രണം പാലിക്കണമെന്നാണ് മുന്നറിയിപ്പ്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിനു പോകരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കർണാടക തീരത്തു മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മൽസ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു.