ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്പനെ പിടികൂടുന്നതിന്‍റെ ഭാഗമായുള്ള മോക്ക്ഡ്രിൽ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30 നാണ് മോക്ക് ഡ്രിൽ നടത്തുക. അരിക്കൊമ്പനെ പിടികൂടി എങ്ങോട്ട് മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് വനംവകുപ്പ് മോക്ക് ഡ്രിൽ നടത്തുന്നത്. ആനയെ എന്നു പിടികൂടുമെന്നതും എവിടേക്ക് മാറ്റുമെന്നതും വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. എത്തിക്കാൻ പരിഗണിക്കുന്ന പെരിയാർ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ പരിശോധന പൂർത്തിയാക്കി.
ദൗത്യം നടത്താൻ തീരുമാനമായതോടെയാണ് മോക്ഡ്രിൽ നടത്താൻ തീരുമാനിച്ചത്. പോലീസ്, ഫയർഫോഴ്സ്, റവന്യൂ, ആരോഗ്യം, മോട്ടോർ വാഹനം തുടങ്ങിയ വകുപ്പുകളെ ഉൾപ്പെടുത്തിയുള്ള മോക്ഡ്രിലാണ് നടക്കുക. ഓരോരുത്തരും ചെയ്യേണ്ട ജോലികളും, നിൽക്കേണ്ട സ്ഥലവും വനംവകുപ്പ് വിവരിച്ചു നൽകും. മയക്കു വെടി വെക്കുന്നതിനുൾപ്പെടെയുള്ള എട്ട് വനം വകുപ്പ് സംഘത്തെ നേരത്തെ നിശ്ചയിച്ചിരുന്നു.
അരിക്കൊമ്പൻ്റെ ആക്രമണത്തിൽ നിരവധി വീടുകളാണ് തകർന്നിട്ടുള്ളത്. ഇടുക്കിയിലും ചിന്നക്കനാലിലും നിരവധി നഷ്ടങ്ങൾ ഉണ്ടായതിനെ തുടർന്നാണ് അരിക്കൊമ്പനെ പിടിക്കാനുള്ള തീരുമാനം സജീവമായത്.